21 October Monday

ദേ പോളിയിലും എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

 പത്തനംതിട്ട

പോളിടെക്‌നിക്‌ വിദ്യാർഥി യൂണിയനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ നാല്‌ പോളി ടെക്‌നികിൽ മൂന്നിലും എസ്‌എഫ്‌ഐയ്‌ക്ക്‌ തകർപ്പൻ വിജയം. അടൂർ മണക്കാല, വെണ്ണിക്കുളം, വെച്ചൂച്ചിറ പോളിടെക്‌നിക്കുകളിലാണ്‌ മുഴുവൻ സീറ്റും നേടി എസ്‌എഫ്‌ഐ യൂണിയൻ നേടിയത്‌.
വൻ ഭൂരിപക്ഷത്തിലാണ്‌ എല്ലായിടത്തും എസ്‌എഫ്‌ഐ സാരഥികൾ വിജയിച്ചത്‌. വെണ്ണിക്കുളം പോളിയിൽ തുടർച്ചയായ 35–-ാം വർഷമാണ്‌ എസ്‌എഫ്‌ഐ യൂണിയൻ നേടുന്നത്‌. വെച്ചൂച്ചിറയിൽ 21–-ാം വർഷവും മണക്കാലയിൽ തുടർച്ചയായ ആറാം വർഷവുമാണ്‌ എസ്‌എഫ്‌ഐ വിജയക്കൊടി പാറിക്കുന്നത്‌. പന്തളം പെരുമ്പൊളിക്കൽ പോളിയിൽ പാർലമെന്ററി രീതിയിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇവിടെ ക്ലാസ്‌ പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ആറും എബിവിപി ഏഴ്‌ സീറ്റും നേടി. ഒരു ക്ലാസിൽ എസ്‌എഫ്‌ഐയ്‌ക്കും എബിവിപിക്കും ഒരേ വോട്ട്‌ വന്നതിനെ തുടർന്ന്‌ നറുക്കെടുപ്പ്‌ നടത്തിയാണ്‌ എബിവിപിക്ക്‌ ഏഴ്‌ സീറ്റായത്‌. കെഎസ്‌യുവിന്‌ ഒരു ക്ലാസ്‌ പ്രതിനിധിയും ജയിച്ചു. പ്രധാന സീറ്റുളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രതിനിധിയ്‌ക്ക്‌ ചെയർമാൻ സ്ഥാനം നൽകി എബിവിപി കൂടെ നിർത്തി. പ്രധാന സീറ്റിലേക്ക്‌ എസ്‌എഫ്‌ഐയുടെ വൈസ്‌ ചെയർമാൻ സ്ഥാനാർഥിയും വിജയിച്ചു.
വെണ്ണിക്കുളം പോളിയിൽ തരുൺ ഉല്ലാസ്‌ (ചെയർമാൻ), അമൽ കൃഷ്‌ണ, വിദ്യ ചന്ദ്രൻ (വൈസ്‌ ചെയർമാന്മാർ), എബിൻരാജ്‌ (ജനറൽ സെക്രട്ടറി), അഫ്‌സൽ മുഹമ്മദ്‌ (കൗൺസിലർ), ജാസ്‌മിൻ ടി അനിൽ (മാഗസിൻ എഡിറ്റർ), ശരൺ കെ ശശി (ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി) എന്നിവരാണ്‌ വിജയിച്ചത്‌. ആഹ്ലാദ പ്രകടനത്തിന് ശേഷം വെണ്ണിക്കുളത്ത് നടന്ന യോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത്‌ ശശിധരൻ ഉദ്‌ഘാടനം ചെയ്തു. മണക്കാല പോളിയിൽ നടന്ന യോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അഫ്സൽ ബദർ ഉദ്‌ഘാടനം ചെയ്തു.
 
 
പ്രധാന വാർത്തകൾ
 Top