15 October Tuesday
സോണലുകളിൽ രോഗി പരിചരണം പുരോഗമിക്കുന്നു

റാന്നിയിലെ കിടപ്പുരോഗികൾക്ക്‌ "ചോദിക്കാനും പറയാനും ആളായി'

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

റാന്നി

കിടപ്പു രോഗികളെ വീട്ടിലെത്തി പരിചരിക്കാനും രോഗവിവരങ്ങൾ അന്വേഷിക്കാനും ആളുകളായി. മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം ആളുകളാണ് രോഗികളുടെ ക്ഷേമ വിവരങ്ങൾ അന്വേഷിച്ച് വീടുകളിൽ എത്തുന്നത്. 

വിഷൻ 20:20 എന്ന പേരിൽ രോഗം, അവശത, അപകടം എന്നിവ സംഭവിച്ച് കിടക്കയെ ശരണം പ്രാപിച്ചവരെ വീട്ടിൽ എത്തി പരിചരിക്കുന്നതിനും അവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുമായി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ റാന്നിയിൽ പ്രവർത്തനം ആരംഭിച്ചു.  

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ പേരിലുള്ള ഈ ചാരിറ്റബിൾ സൊസൈറ്റിയെ റാന്നി ജനത കക്ഷി - രാഷ്ട്രീയ ഭേദമന്യേ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എല്ലാ കിടപ്പു രോഗികൾക്കും വളന്റിയർ സേവനവും, ഡോക്ടർമാരുടെയും, നേഴ്സുമാരുടെയും സേവനവും കൂടാതെ ഭക്ഷണവും വീട്ടിലെത്തി നൽകും. ഇതിന്‌ സുമനസ്സുകളുടെ സഹായം ഉണ്ട്.

റാന്നി, അങ്ങാടി, പഴവങ്ങാടി, മന്ദമരുതി, നാറാണംമൂഴി, വലിയകുളം, വടശ്ശേരിക്കര, കൊല്ലംമുള, വെച്ചൂച്ചിറ എന്നിങ്ങനെ ഒൻപത് സോണലുകളായി തിരിച്ചാണ് കിടപ്പു രോഗി പരിചരണം നടത്തുന്നത്. ഒന്നാം ഘട്ടം പഴവങ്ങാടി, വടശ്ശേരിക്കര, വലിയകുളം  സോണലുകളിലെ 27 വാർഡിലായി 137 കിടപ്പുരോഗികളെ സന്ദർശിച്ച് പരിചരണം നടത്തി. ബാക്കി സോണലുകളിൽ കിടപ്പു രോഗി പരിചരണം പുരോഗമിക്കുന്നു. രാജു എബ്രഹാം എംഎൽഎ (പ്രസിഡന്റ്),പി ആർ പ്രസാദ് (സെക്രട്ടറി), ബിജോയ് പുള്ളോലിൽ (കോഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

 

 

പ്രധാന വാർത്തകൾ
 Top