21 October Monday
പ്രവാസി വെൽഫെയർ ബോർഡിൽ

1055 പേർക്ക്‌ പുതിയ അംഗത്വം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

 1പത്തനംതിട്ട

പത്തനംതിട്ട മുൻസിപ്പൽ ടൗൺ ഹാളിൽ കേരള പ്രവാസി വെൽഫയർ ബോർഡ് നടത്തിയ അംഗത്വ വിതരണ ക്യാമ്പയിനിലും അദാലത്തിലും വൻ ജനത്തിരക്ക്. രണ്ടു ദിവസമായി നടന്ന അദാലത്തിൽ 1055 പേർ പുതുതായി ജില്ലയിൽ നിന്ന് അംഗത്വം നേടി. ആദ്യ ദിനം രജിസ്റ്റർ ചെയ്ത എല്ലാവർക്കും അന്നു തന്നെ അംഗത്വ കാർഡ് വിതരണം ചെയ്തു. രണ്ടാംദിനം രജിസ്റ്റർ ചെയ്ത എല്ലാവർക്കും പരമാവധി വിതരണം ചെയ്തു. ബാക്കിയുള്ളവ ഒരാഴ്ചയ്ക്കകം തപാലിലൂടെ ആളുകളുടെ വീട്ടിലെത്തിക്കുമെന്നും പ്രവാസി വെൽഫയർ ബോർഡ് അംഗം കെ സി സജീവ് തൈക്കാട് പറഞ്ഞു.
പ്രവാസി വെൽഫെയർ ബോർഡിലെയും നോർക്കയിലെയും ജീവനക്കാർ വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് അപേക്ഷ സ്വീകരിക്കൽ, പരിശോധന, രജിസ്‌ട്രേഷൻ എന്നിവ പൂർത്തിയാക്കി കാർഡ് വിതരണം ചെയ്തത്. പ്രവാസി ക്ഷേമനിധിയിലേക്ക് ലോകത്ത് എവിടെ നിന്നും ഓൺലൈനായും അംഗത്വമെടുക്കാൻ സൗകര്യമുണ്ട്. ഓൺലൈനിലൂടെ അംഗത്വമെടുത്താൽ 15 ദിവസത്തിനുള്ളിൽ പ്രവാസി ക്ഷേമനിധിയുടെ അംഗത്വ കാർഡും ഐഡന്റിറ്റി കാർഡും സൗജന്യമായി ഓൺലൈനിൽ ലഭ്യമാകും. വിവിധ ബാങ്കുകൾ, പ്രവാസി സഹകരണ സംഘങ്ങൾ വഴിയും അംഗത്വമെടുക്കാം. കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയിലൂടെ അംഗത്വമെടുക്കാം.
 ഇതിനായുള്ള അപേക്ഷാ ഫോം വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയുമായി ബോർഡ് ഓഫീസിൽ നേരിട്ടെത്തുന്നവർക്ക് അന്നു തന്നെ അംഗത്വ കാർഡ് ലഭ്യമാക്കും.18 മുതൽ 60 വയസു വരെയാണ് അംഗത്വമെടുക്കാനുള്ള പ്രായ പരിധി.
 
 
പ്രധാന വാർത്തകൾ
 Top