21 October Monday

തദ്ദേശ സ്ഥാപന പദ്ധതികൾ ഉടൻ പൂർത്തീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

 

പത്തനംതിട്ട
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂർണാദേവി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള തുക പൂർണവും ഫലപ്രദവുമായി വിനിയോഗിക്കണം. കലക്‌ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതി ഒക്ടോബർ രണ്ടു മുതൽ ആരംഭിക്കുന്നതിനുള്ള നടപടികൾ തദ്ദേശഭരണസ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് നിർദേശിച്ചു.
ജില്ലയിലെ 20 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-/20 വാർഷിക പദ്ധതി ഭേദഗതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളായ പന്തളം, റാന്നി, കോയിപ്രം, പഞ്ചായത്തുകളായ ചെറുകോൽ, ഇരവിപേരൂർ, കോഴഞ്ചേരി, കുളനട, മലയാലപ്പുഴ, മല്ലപ്പുഴശേരി, മെഴുവേലി, ഓമല്ലൂർ, പള്ളിക്കൽ, പന്തളം, പുറമറ്റം, ആറന്മുള, നാരങ്ങാനം, കുന്നന്താനം, തണ്ണിത്തോട്, കോയിപ്രം എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം ലഭിച്ചത്. പന്തളം നഗരസഭ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ അധിക ആക്ഷൻ പ്ലാനും അംഗീകരിച്ചു.
എഡിഎം സജി എഫ് മെൻഡിസ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ.ആർ ബി രാജീവ് കുമാർ, അഡ്വ.എൻ രാജീവ്, ബി സതികുമാരി,  കെ ജി അനിത, എം ജി കണ്ണൻ, വിനീത അനിൽ, ലീല മോഹൻ, എലിസബത്ത് അബു, ബിനിലാൽ, പി വി വർഗീസ്, ജില്ലാ പ്ലാനിങ്‌ ഓഫീസർ ഇൻ ചാർജ് വി ആർ മുരളീധരൻ നായർ, അഡീണൽ പ്ലാനിങ്‌ ഓഫീസർ ജി ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.  
 
പ്രധാന വാർത്തകൾ
 Top