18 November Monday

സാജനെ തേടിയെത്തിയ തൂവെളിച്ചം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

 

മല്ലപ്പള്ളി

പ്രതീക്ഷകളുടെ തൂവെളിച്ചമാണ്‌  ഇപ്പോൾ സാജനെ നയിക്കുന്നത്‌. തനിക്ക്‌ ആരും ഇല്ലെന്ന ഉള്ളുലയ്‌ക്കുന്ന വേദന ഇപ്പോൾ സാജനെ അലട്ടുന്നില്ല. തേടി വരാനും രോഗ വിവരം അന്വേഷിക്കാനും എല്ലാം ആരൊക്കെയോ ഉണ്ടെന്ന വിശ്വാസമാണ്‌  ഈ മനുഷ്യനെ ഇപ്പോൾ നയിക്കുന്നത്‌.   കല്ലൂപ്പാറ പഞ്ചായത്തിലെ ആറാം വാർഡിൽ തുരുത്തിക്കാട് പള്ളിക്കക്കുഴി പറക്കാലായിൽ സാജൻ ശാമുവേലിന്‌ പത്തു വർഷം മുമ്പുണ്ടായ ഒരു പനിയെ തുടർന്ന് ശരീരം തളർന്നു പോകുകയായിരുന്നു.   പരസഹായമില്ലാതെ ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്‌ സാജൻ. 48 വയസ്സുള്ള ഇയാളെ സഹായിക്കാൻ ഭാര്യ മാത്രമാണുള്ളത്. സാജന് മക്കളില്ല. മുഴുവൻ സമയവും ഭർത്താവിന്റെ സമീപത്ത്‌ ഉണ്ടായിരിക്കേണ്ടതിനാൽ കൂലിപ്പണിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് സാജന്റെ ഭാര്യ. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഇവരെ സഹായിക്കുന്നത് ചില സുമനസ്സുകളാണ്. കുംഭ മല പള്ളിയ്ക്കക്കുഴി കോളനിയിലെ ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസം. രക്തസമർദവും  ഡയബറ്റിക്‌സും  സാജനെ അലട്ടുന്നുണ്ട്. എകെജി പെയ്ൻ ആൻഡ്‌ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനമേഖലയിലുള്ള കല്ലൂപ്പാറ സോണൽ കമ്മിറ്റി സെക്രട്ടറി രേണുകാ മാജേഷിന്റെ നേതൃത്വത്തിൽ രോഗീ സർവ്വെയുടെ ഭാഗമായാണ്‌ പാലിയേറ്റീവ് വളന്റിയർമാർ സാജന്റെ വീട്ടിലെത്തിയത്‌. 

സാജനെയും കുടുംബത്തെയും സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് കല്ലൂപ്പാറയിലെ സാന്ത്വന പരിചരണ പ്രവർത്തകർ. പ്രശാന്ത് ഭാസ്കരൻ, ടി വൈ റെനി, ശാന്തമ്മ സനൽ, രാധാമണി പുരുഷോത്തമൻ എന്നീ വളന്റിയർമാരും സോണൽ സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

 

 

പ്രധാന വാർത്തകൾ
 Top