24 May Friday

റാന്നിയിൽ 75 ട്രാൻസ്ഫോർമർ വെള്ളത്തിനടിയിലായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 റാന്നി

വെള്ളപ്പൊക്കം മൂലം തകർന്ന റാന്നിയിലെ പുനരധിവാസം ഊർജ്ജിതമാക്കാൻ റാന്നിയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. വെള്ളം കയറിയ കിണറുകൾ വറ്റിച്ച് വൃത്തിയാക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ചെളി നീക്കം ചെയ്ത വീടുകൾ ഇതേ മോട്ടോർ ഉപയോഗിച്ച് വൃത്തിയാക്കും. വൃത്തിയാക്കിയ കിണറുകളിൽ ആരോഗ്യവകുപ്പ് ആശ, എൻസിസി പ്രവർത്തകരുടെ സഹായത്തോടെ ക്ലോറിനേഷൻ നടത്തും. 
ഇതിനായി ബ്ലീച്ചിങ് പൗഡർ ഉൾപ്പെടെയുള്ളവ പഞ്ചായത്തുകൾ നൽകും. ചേറടിഞ്ഞ റോഡുകൾ പഞ്ചായത്ത് വൃത്തിയാക്കും. ഇതിനായി അടിയന്തര പഞ്ചായത്ത് കമ്മിറ്റികൾ ചേർന്ന് 10 മുതൽ 15 ലക്ഷം രൂപ വരെ ഓരോ കമ്മിറ്റിയും മാറ്റിവയ്ക്കും. ഇതിനായി പണം ചെലവഴിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേകം ഉത്തരവിറക്കിയിട്ടുണ്ട്. 44  ക്യാമ്പുകളിലായി 5856 പേരെ കൂടാതെ 20,000 പേർ വിവിധ വീടുകളിൽ അഭയം തേടിയിട്ടുണ്ട്. ഇവർ അടിയന്തരമായി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്ത് ക്യാമ്പ് അംഗങ്ങൾക്കുള്ള 10000 രൂപ ധനസഹായത്തിന് അപേക്ഷിക്കേണ്ടതാണ്. 
 
 റാന്നിയുടെ വിവിധ ഭാഗങ്ങളിലായി 75 ട്രാൻസ് ഫോമറുകൾ വെള്ളത്തിനടിയിലായി. ഇതിൽ 14 എണ്ണം മാറ്റി വയ്ക്കണം. 3 ദിവസത്തിനകം വൈദ്യുതി പൂർണമായും പുനസ്ഥാപിക്കാനാവുമെന്ന് കരുതുന്നു. വെള്ളം കയറിയ കെട്ടിടങ്ങളിലെ വയറിങ് ഇലക്ട്രീഷ്യനെ ഉപയോഗിച്ച് പരിശോധിക്കേണ്ടതാണ്.  
വെള്ളം കയറിയ റേഷൻകടകൾ തൊട്ടടുത്തു തന്നെ തുറക്കും. പാചക വാതക ക്ഷാമം പരിഹരിക്കാൻ നിർദേശം നൽകി. റേഷൻ കാർഡ് നഷ്ടപ്പെട്ടവർ കടകളിൽ പേരെഴുതി ഒപ്പിട്ട് സാധനങ്ങൾ വാങ്ങാം. ഇതിന് നടപടി സ്വീകരിച്ചതായി ഭക്ഷ്യ മന്ത്രി പി തിലോത്തമൻ എംഎൽഎയെ അറിയിച്ചു. വെള്ളത്തിൽ മുങ്ങിയ പഴവങ്ങാടി കൃഷി ഓഫീസ് ചൊവ്വാഴ്ച തുറന്ന് പ്രവർത്തിക്കും. 100 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. കൃഷി നാശം നേരിട്ടവർ പ്രത്യേകം അപേക്ഷ നൽകണം. 
 വെള്ളത്തിൽ മുങ്ങിയ ബാങ്കുകളിലെ ഇടപാടുകൾ തൊടുത്ത അതേ ബാങ്കുകളുടെ ശാഖകളിൽ നടത്താം. തിരിച്ചറിയൽ രേഖ കാണിക്കണം എന്ന് മാത്രം. വെള്ളത്തിൽ മുങ്ങിയ എടിഎം കാർഡ്, ചെക്ക് ബുക്ക്, പാസ് ബുക്ക് എന്നിവ സൗജന്യമായി മാറി നൽകും. റാന്നിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആകെ 1000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വ്യാപാരികൾ പറഞ്ഞു. കടകളിലെ മാലിന്യം പഞ്ചായത്തുമായി ആലോചിച്ച് നീക്കം ചെയ്യും. തകർന്ന വീടുകളുടെ പരാതിയോടെപ്പം പഞ്ചായത്ത് അസി. എഞ്ചിനീയറുടെ റിപ്പോർട്ട് കൂടി നൽകണം. 70% മുകളിൽ തകർന്നവയാണ് പൂർണമായും നാശം നേരിട്ട വീടുകൾ. വീട്ടു സാധനങ്ങൾ നഷ്ടപ്പെട്ടതിന്റെ വിശദാംശങ്ങൾ എഴുതി വില്ലേജ് ഓഫീസറെ ഏൽപ്പിക്കേണ്ടതാണ്. പിന്നീട് ഇത് പാക്കേജിൽ ഉൾപ്പെടുത്തും. 
വെള്ളപ്പൊക്കത്തിന്റെ മറവിൽ കരഞ്ചന്ത നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. പൊതുമരാമത്ത് റോഡുകളും പ്രധാന കേന്ദ്രങ്ങളും അടിയന്തരമായി വൃത്തിയാക്കാൻ അഗ്നിശമന സേനയുടെ സേവനം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് റോഡുകളുടെ അടിയന്തര പണികൾ പൂർത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. എംഎൽഎയുടെ നിർദ്ദേശ പ്രകാരം റാന്നി ചെറുകോൽപ്പുഴ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ 3 ജെ സിബികളും അയിരൂർ പഞ്ചായത്തിന്റെ 3 ജെസിബികളും ചെളി നീക്കി. 
യോഗത്തിൽ രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷനായി. തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top