19 September Sunday

ഇക്കുറിയും പ്രതീകാത്മകം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

ഓൺലൈൻ യോഗത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിക്കുന്നു. കലക്ടറുടെ ചേംബറിൽ നിന്നുള്ള ദൃശ്യം

പത്തനംതിട്ട
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേൽപ്പ്, ഉത്രട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാര അനുഷ്ഠാനങ്ങൾക്ക് അനുസരിച്ച്  നടത്തുമെന്ന് ആരോഗ്യ  മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തിൽ പള്ളിയോട സേവാ സംഘം പ്രതിനിധികളെ ഉൾക്കൊള്ളിച്ച് നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആചാര അനുഷ്ഠാനങ്ങളിൽ പങ്കു ചേരുന്നവർ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്‌ മുൻപായി കോവിഡ് ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
നിലവിലെ പള്ളിയോട സേവാസംഘം ഭരണ സമിതിയുടെ കാലാവധി പൂർത്തിയായതിനാൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്നിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ കലക്ടർ അനുമതി നൽകി. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന മൂന്ന് മേഖലകളിൽ നിന്നുള്ള ഓരോ പള്ളിയോടങ്ങളിലെയും 40 പേരെ മാത്രം ഉൾപ്പെടുത്തി ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിന് തീരുമാനിച്ചു. തുഴക്കാർ കരയിൽ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി മൂന്ന് പള്ളിയോടങ്ങൾക്കും അനുമതി നൽകി.ഉത്രട്ടാതി ജലോത്സവം പ്രതീകാത്മകമായ രീതിയിൽ മൂന്ന് പള്ളിയോടങ്ങളെ ഉൾക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും. ചടങ്ങുകൾ നടത്തുമ്പോൾ പൊതുജനങ്ങളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. വള്ളസദ്യ പരിമിതമായ ചടങ്ങുകളോടുകൂടി നടത്തുന്നത് സംബന്ധിച്ച് ആ ദിവസങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി,   ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, തിരുവല്ല ആർഡിഒ ബി രാധാകൃഷ്ണൻ, അടൂർ ആർഡിഒ എ തുളസീധരൻപിള്ള, ഡിഎം ഡെപ്യൂട്ടി കലക്ടർ ടി ജി ഗോപകുമാർ,  ഡിഎംഒ (ആരോഗ്യം) ഡോ.എ എൽ ഷീജ, ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ, ഡിഡിപി കെ ആർ സുമേഷ്, കോഴഞ്ചേരി തഹസീൽദാർ കെ ഓമനക്കുട്ടൻ, ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോഴഞ്ചേരി പഞ്ചായത്ത് അധ്യക്ഷർ, ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി പി ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top