19 October Saturday
കോഴിത്തോട്ടിൽ ചാകര

വാളയും കാരിയും വരാലും എവിടെ

ബാബു തോമസ‌്Updated: Sunday Jul 21, 2019
കോഴഞ്ചേരി
പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ കോഴിത്തോട്ടിൽ ഊത്ത ചാകര. ശനിയാഴ്ച പുലർച്ചെ വലകളിൽ കുടുങ്ങിയത് ക്വിന്റൽ കണക്കിന് മൽസ്യം.ഊത്തപിടിത്തത്തിൽ പരമ്പരാഗത മത്സ്യങ്ങൾ ലഭിക്കാതിരുന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
കാലവർഷം കനത്തതോടെയാണ് പ്രജനനം ലക്ഷ്യമിട്ട് ഉൾനാടൻ മൽസ്യങ്ങൾ കൂട്ടത്തോടെ നദികളിൽ നിന്നും തോടുകളിലേക്കും അവിടെ നിന്നും വയലുകളിലേയ്ക്കും നീങ്ങുന്നത്. ഈ സമയത്ത് ഉൾനാടുകളിൽ ഊത്തപിടുത്തത്തിനായി നിരവധി പേരാണ് എത്താറുള്ളത്. പമ്പയുടെ വടശ്ശേരിക്കരയ‌്ക്ക‌് താഴെയുള്ള ഏറ്റവും വലിയ കൈവഴിയാണ് കോഴിത്തോട്. ഇലന്തൂർ, നാരങ്ങാനം, വാര്യാപുരം പ്രദേശങ്ങളിൽ നിന്നും ആരംഭിച്ച് ഒൻപത‌് കിലോമീറ്റർ സഞ്ചരിച്ച് കോഴിപ്പാലത്തിന‌് സമീപം പമ്പയിൽ ലയിക്കും.ഈ തോടിന്റെ ഇരുവശങ്ങളിലുമായി ആയിരക്കണക്കിന് ഹെക്ടർ പാടശേഖരമാണുള്ളത്.ഈ പാടശേഖരങ്ങളിലേക്കും ചാലുകളിലേക്കുമാണ് മൽസ്യങ്ങൾ എത്തുക. ഇവിടങ്ങളിൽ മുട്ടയിട്ട് അവ മടങ്ങും. മുട്ടകൾ (പരിഞ്ഞിൽ) സമൃദ്ധമായുള്ള മീൻ വാങ്ങാൽ വൻ തിരക്കാണ്.
സാധാരണ ലഭിച്ചിരുന്ന വാള, തൂളി, കാരി, വരാൽ, പരൽ തുടങ്ങിയ ഉൾനാടൻ ജനതയുടെ ഇഷ്ട മൽസ്യങ്ങൾ ഇക്കുറി ലഭിക്കാതിരുന്നതാണ് ആശങ്കക്ക് ഇടവരുത്തിയത്. കായലുകളിൽ സുലഭമായി ലഭിച്ചിരുന്ന മഞ്ഞക്കൂരിയാണ് ഇത്തവണ ഓരോ വലക്കാർക്കും നൂറുകണക്കിന‌് കിലോ വീതം ലഭിച്ചത്. നദിയും തോടുകളിലും കായലിലെ ആവാസ വ്യവസ്ഥയിലേക്കും ജല സ്ഥിതിയിലേക്കും എത്തിയതാതാണ് മഞ്ഞക്കുരിയുടെ ബാഹുല്യത്തിന‌് കാരണം.
അതിനിടെ നദികളിലും മറ്റും നിക്ഷേപിക്കുന്ന സങ്കരയിനം കാർപ്പ് മൽസ്യങ്ങളുടെ സാന്നിധ്യമാണ് പരമ്പരാഗത മൽസ്യങ്ങൾ കുറയാൻ കാരണമെന്നും പറയപ്പെടുന്നു. 
പ്രധാന വാർത്തകൾ
 Top