24 August Saturday

മഴയിൽ നാശം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

 പത്തനംതിട്ട

മഴയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നാശം.  താഴ‌്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ തിരുവല്ല തിരുമൂലപുരത്ത‌് ദുരിതാശ്വാസ ക്യാമ്പ‌് തുറന്നു. കോന്നി, ചിറ്റാർ പ്രദേശങ്ങളിൽ വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ‌് നാശം സംഭവിച്ചു.
തിരുമുൽപുരം ഞവനാക്കുഴി, അടമ്പ ഭാഗങ്ങളിൽ വെള്ളം കയറി. ഇതേ തുടർന്ന‌് തിരുമൂലപുരം സെന്റ‌് തോമസ‌് ഹൈസ‌്ക്കൂളിൽ ക്യാമ്പ‌് തുറന്നു.
കോന്നി തണ്ണിത്തോട്ടിൽ മേടപ്പാറ വടക്കേക്കര പുന്നയ്ക്കാമണ്ണിൽ റോയി ജോണിന്റെ വീടിന്റെ സംരക്ഷണഭിത്തി ശക്തമായ മഴയിൽ തകർന്നു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.സംരക്ഷണ ഭിത്തി നിർമിച്ചിട്ട‌് മൂന്ന‌് മാസം ആകുന്നതേയുള്ളൂ.  ആറ് മാസം മുൻപ് ഈ വീടിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകർന്നിരുന്നു. തണ്ണിത്തോട് വില്ലേജ് ഓഫീസിൽ പരാതി നൽകി.
മണ്ണീറ വടക്കേക്കര അറപുരയ്ക്കൽ ജോസിന്റെ വീടിന്റെ സംരക്ഷണഭിത്തിയും  മഴയെ തുടർന്ന് തകർന്നു. വീടിന്റെ അടിത്തറയ്ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോന്നി കുളത്തുമണ്ണിൽ റോഡിൽ മരം വീണ് ഗതാഗതവും വൈദ്യുത ബന്ധവും തടസ്സപ്പെട്ടു. 
ചിറ്റാർ ഗുരുനാഥൻ മണ്ണിന് സമീപം കുന്നത്ത് വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് തൊട്ടു താഴെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ വീണു. പാലക്കത്തറയിൽ തോമസുകുട്ടിയുടെ മുറ്റമാണ് ഇടിഞ്ഞു വീണത്.
ഇയാളുടെ അയൽവാസി എം ജി റോയിയുടെ കാറിന്റെ വലതു ഭാഗം തകർന്നിട്ടുണ്ട്. പ്രദേശത്ത് പെയ്ത മഴയെ തുടർന്നാണ് സംരക്ഷണഭിത്തി ഇടിഞ്ഞത‌്.
പ്രധാന വാർത്തകൾ
 Top