24 August Saturday
"ജനകീയം ഈ അതിജീവനം' പൊതുജനസംഗമം

അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം: മന്ത്രി കെ രാജു

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019
തിരുവല്ല
പ്രളയത്തിനിരയായ അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം ലഭ്യമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനം മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ പ്രളയാനന്തര ദുരിതാശ്വാസ പുനർനിർമാണ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തിരുവല്ലയിൽ നടത്തിയ പൊതുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
 പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടന്നുവരുന്നത്. പ്രളയത്തിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. പുനർനിർമാണത്തിന് സമഗ്രപദ്ധതി ആവിഷ‌്കരിച്ച് മികച്ച നിലയിൽ നടപ്പാക്കിവരികയാണ്. അർഹരായവർക്ക് ആനുകൂല്യം ലഭിച്ചില്ലെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. 
വീടുകളുടെ പുനർനിർമാണത്തിനായി ജില്ലയിൽ മാത്രം നൽകിയത് 63.25 കോടി രൂപയാണ്. മൂന്നാംഘട്ടത്തിൽ അപ്പീൽ നൽകിയവരുടെ അപേക്ഷകൾ പരിശോധിച്ച് ആഗസ്ത് മാസം ധനസഹായം ലഭ്യമാക്കും. ജില്ലയിൽ തകർന്ന ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണിക്ക് സർക്കാർ പണം അനുവദിക്കും. സംസ്ഥാന സർക്കാരിന് ലഭിച്ച ധനസഹായം സുതാര്യമായാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വീട് നിർമിക്കുന്നതിന് ഭൂമി നൽകിയവരെയും ഭവനം സ്പോൺസർ ചെയ‌്തവരെയും മന്ത്രി ആദരിച്ചു. നിർമാണം പൂർത്തിയാക്കിയ വീടുകളുടെ തക്കോൽദാനം മന്ത്രിയും ജനപ്രതിനിധികളും നിർവഹിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് നൽകിയ ഇലക്ട്രിക് സാധനങ്ങളുടെ കിറ്റ് കമ്പനി ജനറൽ മാനേജർ ലിക്സൺ ജോസഫ് മന്ത്രിക്ക് കൈമാറി. 
മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി.  തിരുവല്ല നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടുർ, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. സതീഷ് ചാത്തങ്കേരി, എം ബി സത്യൻ, അഡ്വ. ആർ കൃഷ്ണകുമാർ, മനുഭായ് മോഹൻ, രേഖാ അനിൽ, ബീന പ്രഭ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മോഹൻരാജ് ജേക്കബ്, തിരുവല്ല സബ് കലക്ടർ ഡോ. വിനയ് ഗോയൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി തോമസ്, ഡെപ്യൂട്ടി കലക്ടർമാരായ ആർ ബീനാറാണി, എസ് സന്തോഷ്കുമാർ, അടൂർ ആർഡിഒ പി ടി ഏബ്രഹാം എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top