25 August Sunday

ആഴം കുറഞ്ഞു; പമ്പ കരകവിയുന്നു

പി അനൂപ‌്Updated: Sunday Jul 21, 2019
റാന്നി
കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ മണ്ണും ചെളിയും അടിഞ്ഞ് നദിയുടെ ആഴം കുറഞ്ഞത് പെട്ടെന്ന് നദിയിലെ വെള്ളം ഉയരാൻ ഇടയാക്കുന്നു. നേരത്തെ  രണ്ടു ദിവസത്തിലധികം തോരാത്ത മഴപെയ്താൽ മാത്രമേ പമ്പാനദി കരകവിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഒരു രാത്രി  തോരാതെ മഴ പെയ്തപ്പോഴേക്കും ജലനിരപ്പ് ഉയർന്നു. ഇത് ജനങ്ങൾ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.  
     കഴിഞ്ഞ ആഗസ്റ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഡാമുകൾ തുറന്നു വിട്ടിരുന്നു. ഇതോടെ ഡാമിൽ അടിഞ്ഞ ചെളിയും മണ്ണും മണലും ഉൾപ്പെടെ പമ്പാ നദിയിലേക്ക് ഒഴുകി നദിയുടെ പലഭാഗത്തും അടിഞ്ഞു കൂടിയതോടെ നദിയുടെ ആഴം ഗണ്യമായി കുറഞ്ഞു. പമ്പാവാലി തുലാപ്പള്ളി ഭാഗങ്ങളിൽ നദി വളരെയധികം നികന്നിട്ടുണ്ട്.വൻ തോതിലുള്ള മണൽ നിക്ഷേപങ്ങളാണ് ഇവിടെയെല്ലാം അടിഞ്ഞിരിക്കുന്നത്. ഇത് നീക്കം ചെയ‌്ത‌് നദിയുടെ ആഴം വർധിപ്പിക്കണമെന്ന് നാട്ടുകാർ പറയുന്നു.
    ഇത്തവണ ഒരു രാത്രിമുഴുവൻ മഴ പെയ്തപ്പോഴേക്കും പമ്പയിലെ ജലനിരപ്പ് ഉയർന്നു.അറയാഞ്ഞിലിമൺ കോസ്വേയിൽ വെള്ളം മുട്ടി നിന്നു. കുറുമ്പൻ മൂഴി കോസ്വെയിൽ ആകട്ടെ വെള്ളം കയറുകയും ചെയ്തു. നേരത്തേ  ദിവസങ്ങളോളം മഴപെയ്താൽ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ.  പമ്പയുടെ തീരത്ത് താഴ്ന്ന പല പ്രദേശങ്ങളും ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.  നല്ല മഴ പെയ്താൽ ഇവിടങ്ങളിൽ വെള്ളം കയറുന്ന അവസ്ഥയിലാണ്. ഇവിടുത്തെ താമസക്കാരും ഭീതിയിലാണ്. പമ്പയിൽ അടിഞ്ഞുകൂടി കിടക്കുന്ന മണലും ഒഴുക്കിനൊപ്പം പമ്പാനദി എത്തുകയാണ് .ഇതും കൂടിയാകുമ്പോൾ നദി കൂടുതൽ നികരുകയും വെള്ളപ്പൊക്ക സാധ്യത ഏറുകയും ചെയ്യും എന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top