24 February Sunday
കക്കാട്ടാർ മാലിന്യമുക്തമാക്കൽ

സിപിഐ എം മാർച്ചിൽ പ്രതിഷേധം ഇരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

 

 
ചിറ്റാർ 
കക്കാട്ടാറിനെ മാലിന്യമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധം ഇരമ്പി. അള്ളുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ജലവൈദ്യുത നിലയത്തിന്റെ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ആയിരങ്ങൾ അണിചേർന്നു. സമരത്തെ തുടർന്ന് കമ്പനി പ്രതിനിധികൾ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി. സമരക്കാർ ഉന്നയിച്ച ആറിന ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കി ആറിനെ മാലിന്യ മുക്തമാക്കാൻ ഇടപെടുമെന്ന് കമ്പനി അധികൃതർ സമരനേതാക്കൾക്ക് രേഖാമൂലം ഉറപ്പ് നൽകി.
 സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. പഴയ ബസ് സ്റ്റാന്റിൽനിന്ന് ബുധനാഴ്ച രാവിലെ 10ന് മാർച്ച് ആരംഭിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ യു ജനീഷ് കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ സോമരാജൻ, എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, പി ആർ പ്രമോദ്, ജോബി ടി ഈശോ, ഗിരിജാ മധു, അഡ്വ. വി ജി സുരേഷ്, പി എസ് പ്രസാദ്, പ്രവീൺ പ്രസാദ്, ജെയിംസ് തേക്കുതോട്, സി എസ് സുകുമാരൻ എന്നിവർ സംസാരിച്ചു.
മെയ് 19ന് ഇ കെ നായനാർ ദിനത്തിലാണ് കക്കാട്ടാർ മാലിന്യ മുക്കമാക്കാനുള്ള പരിപാടി സിപിഐ എം ആരംഭിച്ചത്. ചിറ്റാർ, പെരുനാട്, സീതത്തോട് പഞ്ചായത്തുകളിലെ മൂവായിരം ജനങ്ങൾ പങ്കെടുത്ത് നദിവൃത്തിയാക്കലിന് അന്ന് തുടക്കം കുറിച്ചു.
ബോട്ട് ഉപേയോഗിച്ച് ആറിന്റെ പല ഭാഗങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യുക, മണക്കയം ഭാഗത്തെ മരക്കുറ്റികൾ മുറിച്ചു നീക്കുക, പന്നിയാർ കുടിവെള്ള പദ്ധതിക്ക് ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുക. കക്കാട്ടാറ്റിലേക്ക് ഒഴുകി എത്തുന്ന ചെറുതോടുകൾ തടഞ്ഞ് നിർമിച്ചിട്ടുള്ള കൽകെട്ടുകൾ പൊളിച്ചുമാറ്റി പകരം പാലം പണിയുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കമ്പനി അധികൃതർ സമരക്കാരുമായി നടത്തിയ ചർച്ചയിൽജൂലൈ 20ന് അകം മണക്കയം ഭാഗത്തെ ചെറുതോടുകളിൽ നിർമിച്ച കൽക്കട്ടുകൾ പൊളിച്ച് മാറ്റുകയും പകരം പാലം നിർമിക്കുകയും ചെയ്യുമെന്ന് ഉറപ്പു നൽകി.വെള്ളത്തിനടിയിലായ ശുചി മുറികളുടെ സംഭരണികൾ ശാസ്ത്രീയമായി സംസ്ക്കരിച്ച് നീക്കം ചെയ്യും. മണക്കയം ഭാഗത്തെ തുരുത്തിൽ നിൽക്കുന്ന മരക്കുറ്റികൾ നീക്കം ചെയ്യും. ജലസംഭരണിയിൽ അടിയുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ബോട്ടോ വ ള്ളമോ വാങ്ങും. പന്നിയാർ കുടിവെള്ള പദ്ധതിക്ക് സമീപം വെള്ളം ശുചിയാക്കുന്ന സംവിധാനം ഒരുക്കും. വൈദ്യുതി നിലയത്തിൽ ഇനി വരുന്ന നിയമനങ്ങളിൽ തദ്ദേശിയർക്ക് പ്രത്യേക പരിഗണന നൽകുമെന്നും കമ്പനി അധികൃതർ ഉറപ്പു നൽകി. ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ യു ജനീഷ് കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ സോമരാജൻ, എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, പി ആർ പ്രമോദ്, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ്, ചിറ്റാർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി കെ സജി എന്നിവരുമായി ഇഡിസിഎൽ ജനറൽ മാനേജർ ശിവസുബ്രമണ്യം, സ്പെഷ്യൽ മാനേജർ ടോബി ആന്റണി, അസി.മാനേജർ സിബി എന്നിവരാണ് ചർച്ച നടത്തിയത്.  
 

 

പ്രധാന വാർത്തകൾ
 Top