പത്തനംതിട്ട
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പാർടികളുടെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. 43 ദിവസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണമാമാങ്കത്തിനാണ് ഞായറാഴ്ച തിരശീല വീഴുന്നത്. തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ് നടക്കുക. ഞായറാഴ്ച വൈകിട്ട് ആറ് മണി വരെയാണ് പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന സമയപരിധി. ഓരോ രാഷ്ട്രീയ പാർടികൾക്കും അനുവദിച്ചിരിക്കുന്ന സ്ഥലത്താണ് കൊട്ടിക്കലാശം നടത്തുക. പരസ്യപ്രചാരണം അവസാനിക്കുമ്പോൾ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച മേൽകൈയാണ് നേടിയത്.
സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിച്ച് മൂന്ന് ഘട്ട പര്യടനം പൂർത്തിയാക്കിയ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന് ജനങ്ങൾ വിജയം ഉറപ്പിച്ച് നൽകുകയാണ്. പര്യടന വേദികളിലെല്ലാം നിറഞ്ഞ് നിന്ന സ്ത്രീകളുടെ സാന്നിധ്യവും ജനസഞ്ചയവും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അട്ടിമറി വിജയമാണ് വാഗ്ദാനം ചെയ്യുന്നത്. ആറന്മുള മണ്ഡലത്തിൽ ശനിയാഴ്ച നടത്തിയ മൂന്നാംഘട്ട പര്യടനത്തോടെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ പര്യടനം പൂർത്തിയായി.രാവിലെ എട്ടിന് കടമ്മനിട്ടയിൽനിന്ന് ആരംഭിച്ച പര്യടനം ഇരവിപേരൂരിലാണ് സമാപിച്ചത്. ഞായറാഴ്ച കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് രാവിലെ കോന്നിയിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ ഉൾപ്പെടെ അകമ്പടിയിൽ വീണാ ജോർജിന്റെ റോഡ് ഷോ ആരംഭിക്കും. ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലെ വിവിധ ഇടങ്ങളിലൂടെ കടന്നുപോയി പകൽ മൂന്നോടെ പത്തനംതിട്ടയിലെത്തും. ആകെ 13,82,741 വോട്ടർമാരാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുള്ളത്. ഇതിൽ പുരുഷൻമാർ 6,65,696, സ്ത്രീകൾ 7,17,042, ട്രാൻസ്ജെൻഡർ മൂന്ന്. മണ്ഡലത്തിൽ ആകെ 1,437 പോളിങ് ബൂത്തുകളാണുള്ളത്. പത്തനംതിട്ട ജില്ലയിൽ 1,077 പോളിങ് ബൂത്തും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിലായി 360 ബൂത്തുമാണുള്ളത്. ഇതിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 1,78,912 വോട്ടർമാരും , പൂഞ്ഞാർ –-1,78,887, തിരുവല്ല –-2,05,473, റാന്നി –- 1,91,106 , ആറന്മുള–- 2,28,469, കോന്നി–-1,95,688, അടൂർ–- 2,04,206 വോട്ടരുമാരുമാണുള്ളത്.
കലാശക്കൊട്ടിൽ ജെസിബി, ടിപ്പർ, ക്രെയിൻ തുടങ്ങിയ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ എല്ലാ വാഹനങ്ങളും ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ച് മാർഗതടസം സൃഷ്ടിക്കാൻ പാടില്ല. ഓരോ സ്ഥാനാർഥിക്കും അനുവദിക്കപ്പെട്ട സ്ഥലം മാത്രം ഉപയോഗിക്കണമെന്നും വ്യവസ്ഥയുണ്ട്. തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളുടെ 200 മീറ്ററിനുള്ളിൽ യാതൊരു വിധത്തിലുള്ള പ്രചാരണങ്ങളും അനുവദിക്കില്ലെന്ന് കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു.