22 August Thursday

ഈ ജനസഞ്ചയം പറയുന്നു ഒപ്പമുണ്ടെന്ന്‌

സ്വന്തം ലേഖകൻമാർUpdated: Sunday Apr 21, 2019

 

പത്തനംതിട്ട
സർവേകളും പ്രവചന പരമ്പരയുമൊന്നും പ്രശ‌്നമേയല്ല, നാടിന്റെ പുരോഗതി അത‌് യാഥാർഥ്യമാക്കാനുള്ള നിശ്ചയദാർഡ്യത്തോടെയുള്ള മുന്നേറ്റമാണ‌് വീണാ ജോർജിന്റെ പര്യടനം. മണ്ഡലത്തിന്റെ മിക്കയിടങ്ങളിലും കടന്നുചെന്ന‌് വോട്ടഭ്യർഥിക്കാൻ കഴിഞ്ഞതിന്റെ നെടുവീർപ്പോടെയാണ‌് വീണാ ജോർജിന്റെ പര്യടന പരിപാടി അവസാനിക്കുന്നത‌്. നാടിന്റെ മനസറിഞ്ഞ‌് വീണയുടെ പര്യടനത്തിന‌് പര്യവസാനം. സർവതും വീണയിലർപ്പിച്ച‌് നാട‌്. 
നിവർന്നു നിൽക്കാനും വിരൽചൂണ്ടാനും മലയാളത്തെ പഠിപ്പിച്ച പ്രിയ കവി കടമ്മനിട്ട രാമകൃഷ‌്ണന്റെ മണ്ണിൽനിന്നാണ‌് അവസാന പര്യടന ദിവസത്തിന്റെ ആരംഭം കുറിച്ചത‌്. വലതുപക്ഷ മേൽക്കോയ‌്മയും വിശ്വാസികളെ തെറ്റിധരിപ്പിക്കലുമൊന്നും ഇവിടെ ആർക്കും പ്രശ‌്നമേയല്ല. വൻ ജനാവലിയാണ‌് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക‌് സ്ഥാനാർഥിയെ പറഞ്ഞയച്ചത‌്. മേലെവെട്ടിപ്രത്ത‌ും മൈലപ്രയ‌്ക്കും കുമ്പഴയ‌്ക്കും ശേഷം രാവിലെ പത്തോടെ സ്വീകരണം പത്തനംതിട്ട നഗരത്തിലേക്ക‌്. ഇവിടെ മുമ്പെങ്ങുമില്ലാത്ത ജനസഞ്ചയമാണ‌് തടിച്ചു കൂടിയത‌്. ജില്ലാ കേന്ദ്രത്തിലുൾപ്പെടെ വികസന കാര്യത്തിൽ എംപിയുടെ അവഗണനയ‌്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയാണ‌് വിവിധ വിഭാഗം ജനം തടിച്ചു കൂടിയത‌്. കൊടിയും വൈവിധ്യമാർന്ന പ്രചാരണ സാമഗ്രികളും ഏന്തിയ ഇരുചക്ര വാഹന റാലിയുടെ അകമ്പടി നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. പുന്നലുത്തപടിയും ഇലന്തൂരും മുട്ടത്തുകോണവും കടന്ന‌് ഓമല്ലൂർ ചന്ത ജങ‌്ഷനിൽ. കുളനടയിലും ഉളനാട്ടിലുമെല്ലാം പൊരി വെയിലുത്തും ഉജ്വല സ്വീകരണം.
 ഒരു നൂറ്റാണ്ടു മുമ്പ‌് നാടിന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ കൊടുങ്കാറ്റുയർത്തിയ സരസകവി മൂലൂരിന്റെ കർമ കേന്ദ്രമായ ഇലവുംതിട്ടയിൽ ഉച്ചക്ക് മൂന്നിനാണ‌് സ്ഥാനാർഥിയെത്തിയത്. കത്തി വീഴുന്ന വെയിലിനെ വകവെയ്ക്കാതെ നൂറുകണക്കിന് സ്ത്രീകളുൾപ്പെടുന്നവൻ ജനാവലിയാണ് ഇവിടെ വീണാ ജോർജിനെ സ്വീകരിക്കാൻ കാത്തുനിന്നത്.
തുടർന്ന് നെടിയകാലായിലും മെഴുവേലിയിലുമായിരുന്നു വരവേൽപ്പ്. മെഴുവേലിയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപി പ്രവർത്തകനായ വ്യക്തി ഉൾപ്പടെയാണ് സ്വീകരിച്ചത്. കോങ്കുളഞ്ഞിയിൽ മാസങ്ങൾക്കു മുമ്പ‌് ജാതി വേതാളങ്ങളോടു വിട പറഞ്ഞ നാല്പതു പേരും നാട്ടുകാരും ചേർന്നായിരുന്നു സ്വീകരണം. തുടർന്ന് ആറന്മുള പഞ്ചാത്തിലെ കിടങ്ങന്നൂരിലേയ്ക്ക് സ്ഥാനാർത്ഥിയും സംഘവും എത്തി. നാടൻപാട്ട‌് പാടി ചെണ്ടയുടെ താളമിട്ട് പടക്കം പൊട്ടിച്ചായിരുന്നു നാടിന്റെ നേരിന്റെ നേതാവിനെ ആയിരത്തിലധികം വരുന്ന നാട്ടുകാർ മാല ചാർത്തി വേദിയിലേയ്ക്ക് ആനയിച്ചത്. ഇവിടെ ബാല്യകാലം മുതൽ കോൺഗ്രസ‌് പ്രവർത്തകനായിരുന്ന കടവത്ര രാജൻ എന്ന വ്യാപാര വ്യവസായി നേതാവും വീണാ ജോർജിനെ സ്വീകരിക്കാനെത്തി. 
അവിടെനിന്ന‌്  പ്രയാണം ആറന്മുളയിലെത്തിയപ്പോൾ മഴ ചാറിതുടങ്ങിയിരുന്നു. എന്നിട്ടും ജങ‌്ഷനിൽ നിറഞ്ഞുനിന്ന ജനാവലിയാണ് എൽഡിഎഫിന്റെ വിജയം ഉറപ്പിക്കാൻ പിന്തുണയുമായെത്തിയത്. അഞ്ചു മണിയോടെ പര്യടനം തറയിൽ മുക്കിലെത്തി. ഈ സമയം തുള്ളിക്കൊരു കുടം പോലെ മഴ. കൊടിതോരണങ്ങളാൽ ചെങ്കടലായി മാറിയ പാർത്ഥസാരഥിയുടെ തിരുമുറ്റത്ത് ആരെയും അസൂയാഭരിതരാക്കിയ ആൾക്കൂട്ടമാണ് ഉണ്ടായിരുന്നത്.
മഴയെ വകവെയ്ക്കാതെ നീങ്ങിയ സ്വീകരണ യാത്രക്ക് തെക്കേമലയിലും കോഴഞ്ചേരിയിലും വർണാഭമായ വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് പര്യടനം തോട്ടപ്പുഴശേരിയിലെ ചെട്ടിമുക്കിലായിരുന്നു. ഇവിടെ നാളിതുവരെ ഒരു സ്ഥാനാർഥിക്കും  ലഭിക്കാത്ത വരവേൽപ്പാണ് ഒരുക്കിയത്. സ്വീകരണ കേന്ദ്രത്തിലെത്തിയ ജനസഞ്ചയത്തെ ഉൾക്കൊള്ളാനാവാത്ത വണ്ണം ജങ‌്ഷൻ വീർപ്പുമുട്ടി. തെരുവോരങ്ങളെയാകെ ആവേശത്തിലാക്കിയ പര്യടനം തുടർന്ന് കോയിപ്രം പഞ്ചായത്തിലെ പുല്ലാട്ട‌്. കുമ്പനാടും, ഓതറ പഴയകാവിലും, വള്ളംകുളത്തും  ഗംഭീര സ്വീകരണത്തോടെ രാത്രി 8.45ന‌് ഇരവിപേരൂരിൽ സമാപനം.
    വിവിധയിടങ്ങിൽ എൽഡിഎ‌ഫ‌് നേതാക്കളായ അഡ്വ. കെ അനന്തഗോപൻ, അഡ്വ. ഫ്രാൻസിസ‌് ജോർജ‌്, ഡോ. വർഗീസ‌് ജോർജ‌്, പ്രൊഫ. ടി കെ ജി നായർ, ജെറി ഈശോ ഉമ്മൻ, രാജു കടകരപ്പള്ളി, റീനദേവി, മാത്യൂസ‌് ജോർജ‌്, ചെറിയാൻ ജോർജ‌് തമ്പു, കെ ഐ ‌ജോസഫ‌്, എൻ സജികുമാർ, എം വി സഞ‌്ജു, ആർ അജയകുമാർ, കെ സി രാജഗോപാലൻ, അമൃതം ഗോകുലൻ, എസ‌് നിർമലാദേവി, പി സി സുരേഷ‌്കുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top