21 June Friday
വരുന്നു കൊടുമൺ റൈസ‌്

കാട് മൂടിയ പാടങ്ങളെല്ലാം നൂറ് മേനിത്തിളക്കത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019

 കൊടുമൺ

വിത്തും വളവും സംസ്ഥാന കൃഷി വകുപ്പും കൂലിച്ചെലവ് ഇനത്തിൽ സഹായഹസ്തവുമായി ത്രിതല പഞ്ചായത്തുകളും കൈകോർത്തപ്പോൾ കൊടുമണ്ണിലെ കാട് മൂടിയ പാടങ്ങളെല്ലാം നൂറ് മേനിത്തിളക്കത്തിലായി. പഞ്ചായത്തിലൊട്ടാകെ 285 ഏക്കറിലധികം സ്ഥലത്താണ് ഇക്കുറി നെൽകൃഷയിറക്കിയത്.പഞ്ചായത്തിലെ മുണ്ടുകോണം, മുണ്ടയ്ക്കൽ, തേവന്നൂർ, കോയിക്കൽപ്പടി, ഏലാകളിലാണ് ഇപ്പോൾ വിളവെടുപ്പ് നടക്കുന്നത് . നെൽകൃഷി ലാഭമല്ലെന്ന് പറഞ്ഞ് പാടം ഉപേക്ഷിച്ച കർഷകർ  പാടശേഖരങ്ങളിലേക്ക് മടങ്ങിയെത്തിയ കാഴ്ചയാണെങ്ങും.കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടും അനുബന്ധ പാടശേഖരങ്ങളായ അപ്പർകുട്ടനാടും ഒഴിച്ചാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പ്രദേശമായി കൊടുമൺ മാറിക്കഴിഞ്ഞു.
കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പഞ്ചായത്ത് മുഖ്യ പങ്ക് വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. പാടശേഖരങ്ങളിലെ തോടുകളുടെ ആഴം വർധിപ്പിച്ചു.വർഷ കാലത്ത് അടിഞ്ഞുകൂടിയ ചെളിമണ്ണ് നീക്കം ചെയ്ത് ജലസേചന സൗകര്യങ്ങൾ സുഗമമാക്കി. നീർച്ചാലുകളിൽ തടയണ നിർമിച്ചും ജലസാന്നിധ്യം ഉറപ്പു വരുത്തി. ഞാറ്റടികൾ തയ്യാറാക്കുന്നതിനും കളയെടുപ്പിനും സഹായങ്ങൾ നൽകി. വിത്തും വളവും സംസ്ഥാന കൃഷി വകുപ്പു നൽകി. വിത്തിടീൽ, വളപ്രയോഗം തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയ അറിവ് പകർന്ന് നൽകാൻ കൃഷി ഉദ്യോഗസ്ഥർ പാടങ്ങളിലേക്കിറങ്ങിച്ചെന്ന് നിർദ്ദേശങ്ങൾ നൽകി. വിത്തും വളവുമായി കൃഷി വകുപ്പും കൂലിച്ചെലവ് നൽകാൻ ത്രിതല പഞ്ചായത്തും തയ്യാറായപ്പോൾ നെൽകൃഷി ലാഭമല്ലെന്ന് പറഞ്ഞ്പാടം ഉപേക്ഷിച്ച കർഷകർ വീണ്ടും കൈക്കോട്ടുമായി പാടങ്ങളിലേക്കിറങ്ങിയപ്പോൾ കാട് മൂടിയ പാടമെല്ലാം നൂറ് മേനിത്തിളക്കത്തിലായി.
 
അരി ആഹാരം കഴിക്കുന്നത് ശീലമാക്കിയ മലയാളിക്ക് ഒരു പുത്തൻ രുചി നൽകുന്നതിനുള്ള ശ്രമത്തിലാണ് 
 കൊടുമണ്ണിലെ കർഷകരിപ്പോൾ. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന നെല്ല് ശേഖരിച്ച് അരിയാക്കി വിപണിയിലിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിറഞ്ഞ മനസ്സും നിറപറയുമായി കൊടുമൺ റൈസിനുള്ള നെല്ല് അളന്നു തുടങ്ങി.ആറൻമുളയുടെ എംഎൽഎയും കൊടുമണ്ണിന്റെ മരുമകളുമായ വീണാ ജോർജ് രണ്ട് ടൺ നെല്ല് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കർഷകരുൽപ്പാദിപ്പിക്കുന്ന നെല്ല് ശേഖരിച്ച് കൊടുമൺ റൈസ് എന്ന പേരിൽ അരിയാക്കി വിപണനം നടത്തുന്നതിനു ള്ള പ്രവർത്തനത്തിലാണ് പഞ്ചായത്തും കർഷക സൊസൈറ്റിയും. കഴിഞ്ഞ വർഷേത്തേക്കാൾ ഇരട്ടിയായി ഉൽപ്പാദനം വർധിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 100 ടൺ നെല്ലാണ് കർഷകരിൽനിന്ന് ശേഖരിക്കുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top