29 February Saturday

പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കും: ആനത്തലവട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

മനുഷ്യ മഹാ ശൃഖലയോടനുബന്ധിച്ച് നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ജാഥാക്യാപ്റ്റന്‍ എ പി ജയന് പതാക കൈമാറി നിർവഹിക്കുന്നു

 കോന്നി

കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരായ ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കുവാൻ ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്‌ സാധിക്കില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ഭരണഘടന സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ 26ന് നടക്കുന്ന മനുഷ്യ മഹാ ശൃഖലയോടനുബന്ധിച്ച് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ക്യാപ്റ്റനായ വാഹന പ്രചരണജാഥ ഇളമണ്ണൂരിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സാമൂഹ്യ സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ഭരണഘടന. ഇതിന്റെ അടിത്തറയാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇളക്കുന്നത്. ഭരണഘടനയെ മാറ്റി മറിക്കുവാൻ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അവകാശമില്ല. ഭരണഘടനയിൽ തൊട്ട് സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാൽ കൂറ് ഭരണഘടനയോട് ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ പതാക ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ,  മുണ്ടപ്പള്ളി തോമസ്, കെ രാജേഷ്, മലയാലപ്പുഴ ശശി, എം പി മണിയമ്മ, എ ദീപകുമാർ, സുബാഷ് കുമാർ, പി വേണു, പ്രൊഫ. കെ മോഹൻകുമാർ,എ പത്മകുമാർ, ആർ ബി രാജീവ് കുമാർ, രാജു  നെടുംമ്പുറം,സാജു അലക്സ്,  എ എൻ സലീം, സനന്ദൻ ഉണ്ണിത്താൻ,എം കെ വാമൻ,മങ്ങാട് സുരേന്ദ്രൻ, ഏഴംകുളം നൗഷാദ്,ബിനോയ്, പ്രീത എന്നിവർ സംസാരിച്ചു. ജാഥ ചൊവ്വാഴ്‌ച രാവിലെ 9 ന് കലഞ്ഞൂരിൽ നിന്ന് ആരംഭിക്കും. വൈകിട്ട്‌ അഞ്ചിന്‌ സീതത്തോട്ടിൽ സമാപിക്കും.
 
 
പ്രധാന വാർത്തകൾ
 Top