29 February Saturday

ജില്ലാ പുസ്തകോത്സവം മല്ലപ്പള്ളിയിൽ നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
മല്ലപ്പള്ളി
നാലാമത് ജില്ലാ പുസ്തകോത്സവം ബുധനാഴ്‌ച മല്ലപ്പള്ളിയിൽ ആരംഭിക്കും. രാവിലെ പത്തിന് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി ജെ കുര്യൻ ഉദ്‌ഘാടനം ചെയ്യും. സുരേഷ് ചെറുകര അധ്യക്ഷനാകും. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും കെഎസ്‌എഫ്ഇയുടെയും  സഹകരണത്തോടെയാണ് മേള നടത്തുന്നത്. മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് കെട്ടിടത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്.
ശാസ്ത്രം, കല, സാഹിത്യം, കായികം, കാരുണ്യം എന്നീ മേഖലകളിൽ  ശ്രദ്ധേയരായവർക്ക് ഉദ്‌ഘാടന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.  ചന്ദ്രയാൻ പദ്ധതിക്ക് ചുക്കാൻ പിടിച്ച തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ വെഹിക്കിൾ ഡയറക്ടറും  വായ്പൂര് പെരിഞ്ചേരിമണ്ണിൽ കുടുംബാംഗവുമായ പി എംഎബ്രഹാം (ശാസ്ത്രം), സിനിമ സംഗീത സംവിധായകൻ  വിനു തോമസ്(കല), ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ അധ്യാപകൻ അനീഷ് തോമസ്(കായികം), കരുണ ഓട്ടോ ഫ്രണ്ട്‌സ്(കാരുണ്യം) എന്നിവർക്ക് പുരസ്‌കാരങ്ങൾ സമർപ്പിക്കും. സാഹിത്യ മേഖലയിൽ പ്രൊഫ. ടോണി മാത്യു സ്മാരക അവാർഡാണ് നൽകുക. ഇത് പിന്നീട് പ്രഖ്യാപിക്കും. കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ ബി രാധാകൃഷ്ണമേനോൻ പുരസ്‌കാര വിതരണം നടത്തും.  
ജില്ലയിലെ സ്കൂളുകളിൽ നിന്ന് സയൻസ് ക്ലബുകൾ തിരഞ്ഞെടുക്കുന്ന 50 കുട്ടികൾ ശാസ്ത്രജ്ഞനുമായി അഭിമുഖം നടത്തും. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രോജക്ടുകൾ അവതരിപ്പിക്കും. മേളയുടെ രണ്ടാം ദിനമായ ജനുവരി 23 രാവിലെ 10.30 -ന് ആരോഗ്യ സെമിനാർ തുടങ്ങും. ആന്റോ ആന്റണി എം പി ഉദ്‌ഘാടനം ചെയ്യും.  ജേക്കബ് എം ഏബ്രഹാം അധ്യക്ഷനാകും.  ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ ഡിഎംഓ എ എൽ ഷീജ മുഖ്യ പ്രഭാഷണം നടത്തും.  മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ അടക്കമുള്ള ഡോക്ടർമാർ ക്ലാസെടുക്കും.  
24ന്‌ രാവിലെ 10.30-ന് തുടങ്ങുന്ന കാർഷികമേള രാജു ഏബ്രഹാം എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കുഞ്ഞുകോശിപോൾ അധ്യക്ഷനാകും.  കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കാർഷിക സർവകലാശാലഅസോസിയേറ്റ് ഡയറക്ടർ സിബിൽ ജോർജ് വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിബി ടി നീണ്ടിശ്ശേരി, കൃഷി ഓഫീസർമാരായ ജോസഫ് ജോർജ് ജോർജ്, വി എൽ അമ്പിളി എന്നിവർ ക്ലാസെടുക്കും. പഞ്ചായത്ത്  പ്രസിഡന്റുമാരായ ജയൻ പുളിക്കൽ, ബിന്ദു ദേവരാജൻ, എം എസ് സുജാത എന്നിവർ സംസാരിക്കും.  
പുറമറ്റം ഹരിത സംഘത്തിനും  മികച്ച കർഷകൻ ചെങ്ങരൂർ പൂതംകുഴിയിൽ രാജശേഖരപണിക്കർക്കും കാർഷിക പുരസ്‌കാരം സമ്മാനിക്കും.
25ന്‌ രാവിലെ 10.30-ന് തുടങ്ങുന്ന സാഹിത്യസദസ് മാത്യു ടി തോമസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും.  2.30-ന്  കായിക സെമിനാർ നടക്കും. കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തും. പുസ്തകങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് മൂന്ന് പേർക്കായി രണ്ടായിരത്തിലധികം രൂപയുടെ ഗ്രന്ഥങ്ങൾ സമ്മാനമായി നൽകും.
 
 
പ്രധാന വാർത്തകൾ
 Top