21 October Monday
കർഷകരും വ്യാപാരികളും ദുരിതത്തിൽ

റബർവില താഴേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
 
റാന്നി
മഴയിൽ ടാപ്പിങ്‌ ദിനങ്ങൾ കുറഞ്ഞിട്ടും റബർവില താഴേക്ക്‌. വ്യവസായികൾ ചെറുകിടവ്യാപാരികളിൽനിന്ന് റബർഷീറ്റ് എടുക്കാത്തതാണ് വില കുത്തനെ കുറയാൻ കാരണം. ആഗോള സാമ്പത്തികമാന്ദ്യമാണ്‌ കാരണമെന്ന്‌ വ്യവസായികൾ പറയുന്നെങ്കിലും അനിയന്ത്രിത  ഇറക്കുമതിയാണ് വില തകരാൻ കാരണം. മാന്ദ്യം ഉണ്ടായിട്ടും റബർ ഇറക്കുമതി ചെറിയ തോതിൽ പോലും കുറഞ്ഞിട്ടില്ല.
ഓണക്കാലത്ത്  136 രൂപ ഉണ്ടായിരുന്ന ആർഎസ്എസ് നാല്‌ ഗ്രേഡ് ഷീറ്റിന്റെ  ഇന്നലത്തെ മാർക്കറ്റ് വില 130 രൂപയായിരുന്നു. എന്നാൽ 126 രൂപയ്ക്ക് പോലും ഷീറ്റെടുക്കാൻ വ്യാപാരികൾ മടിക്കുന്നു. തൊട്ടടുത്ത ദിവസം ഇത് എത്ര രൂപയ്ക്ക് വിറ്റുപോകുമെന്ന് ഉറപ്പില്ലാത്തതാണ്‌ കാരണം.   വ്യവസായികളാരും ഷീറ്റ്‌ അന്വേഷിച്ച്‌ എത്തുന്നില്ലെന്നും  വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഒട്ടുപാലിന് കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്നു.  ഇപ്പോൾ 70ൽ എത്തി. 
വിദേശരാജ്യങ്ങളിൽനിന്നും ക്രംബ് റബർ ഇറക്കുമതി ചെയ്യാനാണ്‌ ടയർ വ്യവസായികൾക്ക് താല്പര്യം. 115 രൂപയ്ക്ക് ഇന്ത്യയിൽ ഇറക്കി നൽകും. ഗതാഗത ചാർജിലുള്ള ലാഭം വേറെയും. ഈ സാഹചര്യത്തിലും ലാറ്റക്സ് വില ഉയർന്നത് കർഷകർക്ക് ആശ്വാസമാകുന്നുണ്ട്‌. വ്യാഴാഴ്ച ലാറ്റക്സിന് 131 രൂപയുണ്ട്.
ഇത്തവണ സാധാരണഗതിയിൽ ഉള്ളതിന്റെ 20 ശതമാനം പോലും ഉൽപ്പാദനം നടന്നിട്ടില്ല. എന്നിട്ടും വിലത്തകർച്ചയുണ്ടാകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വരും മാസങ്ങൾ സീസണാണ്. ഇങ്ങനെപോയാൽ വില എവിടെപ്പോയി നിൽക്കുമെന്ന ആശങ്കയിലാണ്‌ കർഷകർ. പലരും ടാപ്പിങ് തുടങ്ങാൻ മടിക്കുകയാണ് .
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന താങ്ങുവില മാത്രമാണ് കർഷകരുടെ ആശ്വാസം. സർക്കാർ ആർഎസ്എസ് നാലിന് കിലോയ്ക്ക് നിശ്ചയിച്ചിരിക്കുന്ന താങ്ങുവിലയായ 150 രൂപയിൽനിന്ന് റബർബോർഡ് വില കഴിച്ചുള്ള തുക സബ്സിഡിയായി കർഷകരുടെ അക്കൗണ്ടുകളിൽ കൃത്യമായി എത്തുന്നുണ്ട്. ലാറ്റക്സിന് 142 രൂപ താങ്ങുവില നിശ്ചയിച്ചിരിക്കുന്നു.
 
 
പ്രധാന വാർത്തകൾ
 Top