24 October Thursday

ഒരു ഭരണത്തിൽ മൂന്നാമത്തെ ചെയർപേഴ്‌സൺ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
പത്തനംതിട്ട 
പത്തനംതിട്ട നഗരസഭയ്‌ക്ക്‌ നാലുവർഷത്തിനിടെ മൂന്നാമത്തെ ചെയർപേഴ്‌സൺ. കോൺഗ്രസിലെ റോസ്‌ലിൻ സന്തോഷാണ്‌ ചെയർപേഴ്‌സൺ. പാർടിയിലെ ധാരണ പ്രകാരം അഡ്വ. ഗീത സുരേഷ്‌ രാജിവച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.
രജനി പ്രദീപാണ്‌ ഈ ഭരണത്തിലെ ആദ്യ ചെയർപേഴ്‌സൺ. ഇവർക്ക്‌ ഡിസിസി അനുവദിച്ച കാലാവധി അവസാനിച്ചപ്പോൾ രാജി വയ്‌ക്കാൻ തയ്യാറായില്ല. തുടർന്ന്‌ നാലു മാസത്തോളം കോൺഗ്രസിൽ അഭ്യന്തര കലഹമായിരുന്നു. ഡിസിസി പ്രസിഡന്റ്‌ നോട്ടീസ്‌ നൽകലും അത്‌ നിഷേധിക്കലും എന്നുവേണ്ട, കലഹത്തിന്റെ പൊടിപൂരമായിരുന്നു. ഈ സമയമെല്ലാം ഭരണ പ്രതിസന്ധിയായിരുന്നു. രജനി പ്രദീപിനെതിരെ കോൺഗ്രസ്‌ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇതിൽ പരാജയപ്പെടുമെന്ന്‌ വന്നപ്പോഴാണ്‌ അവിശ്വാസ പ്രമേയ ചർച്ചയ്‌ക്ക്‌ തൊട്ടുമുമ്പ്‌ രജനി പ്രദീപ്‌ രാജിവച്ചത്‌. പിന്നീട്‌ ഒരു മാസത്തോളം കഴിഞ്ഞാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഗീത സുരേഷ്‌ ചെയർപേഴ്‌സൺ. കാലാവധി ഒരു വർഷം ആയിതിനാൽ ഇവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. മാലിന്യ പ്രശ്‌നം അതി സങ്കീർണമാക്കിയത്‌ ഇവരുടെ കാലത്താണ്. ചുരുക്കത്തിൽ ഭരണ കർത്താക്കൾ അടിക്കടി മാറുന്നത്‌ ഭരണത്തെ നന്നായി ബാധിച്ചു. 
അഞ്ചാം വാർഡ്‌ കൗൺസിലറാണ്‌ റോസ്‌ലിൻ സന്തോഷ്‌. രണ്ടാം തവണയാണ്‌ കൗൺസിലറാകുന്നത്‌. റജീന ബീവിയാണ്‌ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക്‌ എൽഡിഎഫിനായി മത്സരിച്ചത്‌.
 
പ്രധാന വാർത്തകൾ
 Top