22 September Sunday

കർഷകന്റെ ഓണ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

 റാന്നി

കർഷകന്റെ ഓണ സമ്മാനം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി രാജു എബ്രഹാം എംഎൽഎ. ഒപ്പം മറ്റുള്ളവരും തങ്ങളാൽ കഴിയുന്ന  രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന ഉപദേശവും. 
ചിങ്ങം ഒന്ന് കർഷക  ദിനാചരണത്തിന് ഭാഗമായി റാന്നി പഞ്ചായത്തും തോട്ടമൺ കൃഷിഭവനും ചേർന്ന് നടത്തിയ ആഘോഷപരിപാടിയിലായിരുന്നു ഇത്‌. ജൈവ കർഷകനായ പുതുശേരിമല കൂടത്തിനാൽ അച്യുതൻ നായർ  അദ്ദേഹം ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികൾ സമ്മാനമായി എംഎൽഎക്ക് നൽകി.
 മഹാ പ്രളയ കാലത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നാം പരമാവധി സഹായങ്ങൾ എത്തിക്കുകയാണ് വേണ്ടത് എന്ന് ഓർമിപ്പിച്ച എംഎൽഎ അവിടെവച്ച് തനിക്ക് കിട്ടിയ പച്ചക്കറികൾ ലേലത്തിനായി വച്ചു. 500 രൂപയിൽ ആരംഭിച്ച് 2500 രൂപയ്ക്ക്  ഉതിമൂട് സർവീസ് സഹകരണ -ബാങ്ക് പ്രസിഡന്റ്‌ തമ്പി മംഗലത്തിൽ  ലേലം കൊണ്ടു. ഈ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. ഇതിനു സാക്ഷികളായ റാന്നിയിലെ കർഷകരും ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൈയ്യടിച്ച് പ്രോത്സാഹനമാണ് നൽകിയത്.
  റാന്നി പഞ്ചായത്ത് പ്രസിഡന്റ്‌ ശശികല രാജശേഖരൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ടി പി അജി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രശേഖരൻ, അസി. ഡയറക്ടർ മഞ്ജുള മുരളീകൃഷ്ണ, കൃഷി ഓഫീസർ  ലാൽ കുമാർ, പഞ്ചായത്ത് സെക്രട്ടറി ജി സുധാകുമാരി ,പി ആർ പ്രസാദ്, രാജു മരുതിക്കൽ, എ എൻ സോമൻ, സിന്ധു സഞ്ജയൻ, ജോജി തോമസ് , എൻ എസ് സുനി എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top