യന്ത്രങ്ങള്‍ എത്തിത്തുടങ്ങി

പത്തനംതിട്ട
ജില്ലാ പഞ്ചായത്തും ക്ലീൻ കേരളാ കമ്പനിയും ചേര്‍ന്ന് കുന്നന്താനം കിൻഫ്രാ പാർക്കിൽ നിർമിച്ച സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്കരണ കേന്ദ്രത്തിലേക്ക് യന്ത്ര സാമഗ്രികള്‍ എത്തിതുടങ്ങി. എക്സ്ട്രൂഡര്‍, കണ്‍വേയര്‍ ബെല്‍റ്റ്, വാട്ടര്‍ ലൈന്‍ എന്നിവ എത്തി. ബാക്കി യന്ത്രസാമഗ്രികളും അടുത്തയാഴ്ച അവസാനത്തോടെ എത്തും.
പൂണെ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് യന്ത്രങ്ങളെത്തുന്നത്. ഈ മാസം അവസാനത്തോടെ യന്ത്രങ്ങള്‍ സ്ഥാപിച്ചു തുടങ്ങും. ഓണത്തിന് മുമ്പ് ഉദ്ഘാടനം നടത്തുന്ന വിധത്തിലാണ് നടപടി പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഫാക്ടറി പ്രവർത്തന സജ്ജമാകുന്നതോടെ ഹരിത കർമസേന ശേഖരിക്കുന്ന തരംതിരിച്ച വൃത്തിയുള്ള പ്ലാസ്റ്റിക്ക് അഞ്ച് ടൺ ഇവിടെ സംസ്കരിക്കാം. രാജ്യത്ത് ജില്ലാ പഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പൊതുമേഖലാ സ്ഥാപനവുമായി സഹകരിച്ച് നടത്തുന്ന ആദ്യത്തെ പാഴ് വസ്തു സംസ്‌കരണ ഫാക്ടറിയാണിത്. പ്ലാസ്റ്റിക്ക് പെല്ലറ്റാക്കി മാറ്റുകയാണ് ആദ്യം ഉദ്ദേശിക്കുന്നത്. ആകെ പദ്ധതിച്ചെലവ് എട്ടുകോടിയാണ്.
0 comments