04 August Wednesday

വായനപക്ഷാചരണത്തിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
പത്തനംതിട്ട
പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച  വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ  മന്ത്രി വീണാ ജോർജ്  നിർവഹിച്ചു. മനുഷ്യന്റെ ഭൗതികവും സാംസ്‌കാരികവുമായ ഉന്നമനത്തിന്‌ വായന അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വായനയെ വളർത്താൻ കഴിയുന്ന സവിശേഷ കാലഘട്ടമാണിപ്പോൾ. കോവിഡ് കാലത്ത് ആളുകൾ അധിക സമയവും വീടുകൾക്കുള്ളിൽ കഴിയുന്ന സാഹചര്യത്തിൽ വായനയ്ക്കായി സമയം കണ്ടെത്താൻ സാധിക്കുന്നുണ്ട്. കാലം മാറി വരുമ്പോൾ ഇ-ബുക്ക് വായനയും പ്രിയങ്കരമായി മാറുന്നുണ്ട്. വിറ്റഴിക്കപ്പെട്ടു പോകുന്ന പുസ്തകങ്ങളുടെ എണ്ണമെടുത്താൽ വായനാശീലം വളരെ ശക്തമായി തന്നെ മുന്നോട്ടു പോകുന്നുവെന്നു കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ മുഖ്യ പ്രഭാഷണവും എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് പി ജി ആനന്ദൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എസ് ഹരിദാസ്, രാജൻ വർഗീസ്, എം എസ് ജോൺ, കെ പി രാധാകൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം കോമളം അനിരുദ്ധൻ, കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വി  ജയകുമാർ, സെക്രട്ടറി അഡ്വ.സുനിൽ പേരൂർ തുടങ്ങിയവർ ഓൺലൈനായി നടന്ന ചടങ്ങിൽ സംസാരിച്ചു.
ജൂലൈ ഏഴുവരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഈ വർഷം നടത്തുന്നത്. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വായനാനുഭവം തയാറാക്കൽ, വായനാക്കുറിപ്പ് വീഡിയോ തയാറാക്കൽ എന്നിവയും എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞവർക്ക് ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് വിദഗ്ധരുടെ സഹായത്തോടെയുള്ള ഓൺലൈൻ മീറ്റിങുകളും സംഘടിപ്പിക്കും. 
കഥാപ്രസംഗ കലയിലെ കുലപതിയായിരുന്ന വി സാംബശിവന്റെ ജന്മദിനത്തിൽ ലൈബ്രറി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കഥാപ്രസംഗകലയിലെ സവിശേഷതകൾ, കുട്ടികളുടെ അവതരണം തുടങ്ങിയവയും നടത്തും. ജൂലൈ ഏഴിന് ഐ വി ദാസ് ജന്മദിനാഘോഷത്തിൽ വായന പക്ഷാചരണത്തിന്റെ സമാപന ചടങ്ങ് നടത്തും. ജില്ലയിലെ എല്ലാ താലൂക്കിലും അതത് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണ സമാപനം നടത്തുകയും എല്ലാ ലൈബ്രറികളിലും ഐ വി ദാസ് അനുസ്മരണം സംഘടിപ്പിക്കുയും ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top