പത്തനംതിട്ട> തലയണമന്ത്രം സിനിമയിൽ ശ്രീനിവാസനെ മാമുക്കോയ ഡ്രൈവിങ് പഠിപ്പിക്കുന്നത് കണ്ട് പൊട്ടിച്ചിരിച്ചതൊക്കെ വേറെ കാര്യം. ഡ്രൈവിങ് സീറ്റിൽ ആദ്യമായി എത്തുന്ന ഏതൊരു വമ്പനും തെല്ലൊന്ന് അമ്പരക്കും. ചെറുപ്പം മുതൽ വാഹനങ്ങളുമായി അടുത്തിടപഴകിയ പെൺകുട്ടികൾക്കും ലൈസൻസ് ടെസ്‌റ്റും റോഡ് ടെസ്‌റ്റും വലിയ കടമ്പ തന്നെയാണ്. എന്നാൽ ഇതൊന്നും ശരിയല്ലെന്നും വിചാരിച്ചാൽ എന്തൂം സ്വായത്തമാക്കാമെന്നുമാണ് പ്രീതു പറയുന്നത്.
തുടക്കത്തിൽ സംഗതി അൽപ്പം റിസ്ക് തന്നെയാണ്. എന്നാൽ ഒന്നു മനസ് വച്ചാൽ പെൺകുട്ടികൾക്കു നിഷ്പ്രയാസം വളയം കൈപ്പിടിയിലൊതുക്കാമെന്നാണ് കോഴഞ്ചേരി അയിരൂരിൽ ചെറുകരകോളകോട്ട് വീട്ടിലെ പ്രീതു റെയ്ച്ചൽ മാത്യുവിന്റെ മാസ്സ് ഡയലോഗ്. കാരണം നാട്ടിലെ ഏതൊരു വാഹനവും അനായാസം കൈകാര്യം ചെയ്യും ഈ ഇരുപത്തിയഞ്ചുകാരി.
ജീപ്പും ലോറിയും കാറും, ബസും,ബുള്ളറ്റും എല്ലാം പുഷ്പം പോലെ പറപ്പിക്കും . രണ്ടു ചേച്ചിമാരുള്ളത് പഠനവുമായി ബന്ധപ്പെട്ട് മാറിനിന്നപ്പോൾ കാർ ഓടിക്കുന്ന മമ്മിയുടെ കിളിയായിരുന്നു പ്രീതു. സൈഡ് പറയുക, കഴുകുക എന്നു വേണ്ട വണ്ടിയുമായി ബന്ധപെട്ടു എല്ലാം തന്നെ ചെയ്തു പഠിച്ചു. അങ്ങനെ ലൈസൻസ് എടുത്തു വാഹനം ഓടിക്കാനും വണ്ടികളോടുള്ള പ്രണയത്തിനും തുടക്കമായി.
പ്രീതുവിന്റെ പപ്പയുടെ അനിയൻ ജോൺസൻ വർഗീസ് ആണ് നിലവിൽ പ്രീതുവിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പലതരത്തിലുള്ള ബസുകൾ, ലോറികളും, ടിപ്പറുകളും എത്തിക്കുന്നത്. ബംഗളൂരു ക്രൈസ്‌റ്റ് കോളേജിൽ ഉപരി പഠനത്തിനായി ചേർന്നത് ഇലക്ട്രോണിക്സിലായിരുന്നു. എന്നാൽ വാഹനങ്ങളോടുള്ള താൽപര്യത്തെ തുടർന്ന് പ്രീതു തന്റെ തീരുമാനം മാറ്റി മെക്കാനിക് വിഭാഗത്തിലേക്ക് മാറുകയുണ്ടായി. നിലവിൽ പലതരം വാഹനങ്ങളുടെയും ഡ്രൈവിങ് ലൈസൻസുകൾ ഉണ്ട്.
കോഴഞ്ചേരി അയിരൂരിൽ ചെറുകരകോളകോട്ട് മാത്യുവിന്റെയും സോണി മാത്യുവിന്റെയും മൂന്ന് മക്കളിൽ ഇളയവളാണ് പ്രീതു. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. യൂട്യൂബ് ചാനലിലും, ഇൻസ്റ്റ ഗ്രാം പേജിലും തന്റെ ഡ്രൈവിങ് വീഡിയോകൾ പ്രീതു പങ്ക് വയ്‌ക്കാറുമുണ്ട്. ഇനി ഒരു ആഗ്രഹം യുഎഇയിൽ പോയി അവിടുത്തെ ലൈസൻസ് എടുത്ത് കെൻവർത്ത് ട്രെയിലർ ഓടിക്കണമെന്നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..