01 April Wednesday
സർക്കാർ കായിക താരങ്ങൾക്കൊപ്പം

ഇവിടെ എല്ലാവർക്കും സന്തോഷമാണ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

നീനയും മാതാപിതാക്കളും

 ചിറ്റാർ

സീതത്തോട്ടിൽ ഞായറുകുളത്ത് വീട്ടിലെ എല്ലാവരുടേയും മുഖത്ത് വലിയ സന്തോഷമാണ്.ഇവിടെ സംസ്ഥാന സർക്കാരിന്റെ ഒരു ഉത്തരവു വന്നിരിക്കുന്നു.റിട്ട. അധ്യാപകൻ ബേബി ജോസഫിന്റേയും എൽസമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളായ നീന എലിസബേത്ത് ബേബിക്ക് സംസ്ഥാന സർക്കാർ ജോലി നൽകി എന്നാണ് ഉത്തരവ്‌. 20 ന് 195 കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി നൽകുകയാണ്. 
ത്രോ ഇനങ്ങളിൽ മികവ്‌, പുലർത്തുന്ന ഈ താരം ഷോട്ട്പുട്ട്, ഡി‌സ്‌‌കസ് ത്രോ, ഹാമർത്രോ എന്നിവയിലാണ് മികവ്‌ തെളിയിച്ചിട്ടുള്ളത്. 2010 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ നീനയുടെ ഡിസ്‌‌കസ് ത്രോ റെക്കാഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. ദേശീയ സ്കൂൾ മീറ്റുകളിൽ കേരളത്തിന്റെ യശസ് ഉയർത്തിയ താരമാണിത്. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്‌ലറ്റിക്ക് മീറ്റിൽ കൽക്കട്ടയിൽ നിന്ന് സ്വർണ മെഡൽ നേടിയ ഈ കായിക താരം ജില്ലയുടെയും പ്രത്യേകിച്ച് സീതത്തോടിന്റെയും അഭിമാനമാനമാണ്.
സീതത്തോട് കെആർപിഎം സ്കൂൾ പഠനകാലത്ത് ഇതേ സ്കൂളിലെ കായിക അധ്യാപകനായിരുന്ന പിതാവ് ബേബി ജോസഫിൽ നിന്നുമാണ് സ്പോട്സ് രംഗത്തെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയത്.
എസ്എസ്എൽസിക്കു ശേഷം ചേർന്ന കോതമംഗലം മാർ ബേസിൽ സ്കൂളിലെ കായിക പരിശീലകൻ പി ഐ ബാബുവിൽ നിന്നാണ് ഡിസ്‌‌കസ് ത്രോയിയിൽ കൂടുതൽ പഠനങ്ങൾ നേടിയത്.സായ്‌‌യുടെ പരിശീലകൻ പി പീസും നീനയുടെ ഗുരുക്കൻമാരിൽ ഒരാളാണ്.
കോതമംഗലം എം എ കോളേജിൽനിന്ന് ബികോം, എം കോം ബിരുദങ്ങൾ നേടിയ നീന ഇതേ കോളേജിലെ ഗസ്റ്റ് അധ്യാപികയായി ജോലി നോക്കിവരവെയാണ് സർക്കാർ ഉത്തരവു ലഭിച്ചത്. സിവിൽ സർവീസിലും കണ്ണുവച്ചിട്ടുള്ള ലീന തിരുവനന്തപുരത്ത് അതിനുള്ള പരിശീലനം നടത്തി വരുന്നു.മനസിന് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നുന്നതെന്ന് നീന പറഞ്ഞു.സംസ്ഥാന സർക്കാരിൽ അർപ്പിച്ച പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലേറ്റില്ല എന്നുകൂടി പറഞ്ഞപ്പോൾ നീനയുടെയും മാതാപിതാക്കളുടെയും കണ്ണുകളിൽ സന്തോഷാശ്രു പൊടിഞ്ഞു.ലീനയ്ക്ക് നീതു, ആൻതെരേസ് എന്നീ രണ്ടു സഹോദരിമാരുമുണ്ട്. 
 
 
പ്രധാന വാർത്തകൾ
 Top