18 November Monday

പാറക്കര ആഘോഷിച്ചു; ശരണ്യയുടെ റാങ്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 പന്തളം

പന്തളംതെക്കേക്കര പാറക്കര ഐഎച്ച്ഡിപി കോളനിയിലെ ശ്യാം ഭവനമെന്ന കുടിലിന് ഇപ്പോൾ കൊട്ടാരത്തിന്റെ ഉയരമുണ്ട്. അത് ശരണ്യ കൊണ്ടുവന്ന  ഒന്നാം റാങ്കിന്റെ തലപ്പൊക്കമാണ്. കോളനി നിവാസികൾക്ക് മധുരം വിളമ്പുമ്പോൾ ആ കൂരയിലെ കഷ്ടതകൾ ശശിയും, ഏലിയാമ്മയും മറക്കുന്നു. കേരള യൂണിവേഴ്സിറ്റിയിലെ എംഎസ് സി കംപ്യൂട്ടർ സയൻസ് ഒന്നാം റാങ്ക് നേടിയ ശരണ്യയെ താൻ നേടിയ റാങ്ക് അത്ഭുതപ്പെടുത്തുന്നില്ല. അടൂർ ഐഎച്ച്ആആർഡി കോളേജിൽ  എല്ലാ സെമസ്റ്ററുകളിലും റാങ്കിന്റെ മുത്തുകൾ പാകിയാണ് അവൾ ഈ ഒന്നാം റാങ്കിനെ തേടിപ്പിടിച്ചത്. എന്നാൽ  കോളനി നിവാസികളെപ്പൊലെ പിതാവ്‌ ശശിയും അമ്മ എലിയാമ്മയും അതിശയിച്ച് നിൽക്കുന്നു. ഈ കഷ്ടപ്പാടുകൾക്കിടയിൽ മകളെങ്ങനെ റാങ്ക് ഊതിക്കാച്ചിയെടുത്തെന്നറിയാതെ. 2600 ൽ 2122 മാർക്ക് നേടിയാണ് ശരണ്യ നേട്ടം കൊയ്തത്. ഈ കോളേജിൽ തന്നെ ബിഎസ് സിക്കും ശരണ്യ മൂന്നാം റാങ്ക് നേടിയിരുന്നു. പത്താംതരവും, പ്ലസ്ടുവും നല്ല മാർക്ക് നേടി വിജയിച്ചാണ് ഐഎച്ച്ആർഡിയുടെ കാമ്പസിലെത്തിയത്. അത്യാവശ്യം നന്നായി ചിത്രരചനയും വശമുണ്ട്. റാങ്ക് വിവരം അറിഞ്ഞപ്പോൾ ആദ്യമെത്തി അഭിനന്ദിച്ചത് പഞ്ചായത്ത് അംഗം വി പി വിദ്യാധരപ്പണിക്കരാണ്. പിന്നിട് കോളനി ഒന്നാകെ ആഘോഷിച്ചു ശരണ്യയുടെ വിജയം. ശരണ്യയുടെ റാങ്കിന്റെ ഊഷ്മളതയിലാണ് എംബിഎയ്ക്ക് പഠിക്കുന്ന  സഹോദരൻ ശ്യാമടക്കം എല്ലാവരും. 
 
പ്രധാന വാർത്തകൾ
 Top