28 September Thursday

സർക്കാർ നഴ്‌സിങ് 
കോളേജിന്‌ കെട്ടിടം ഉടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023
പത്തനംതിട്ട
സർക്കാർ മേഖലയിലെ നഴ്‌സിങ് കോളേജ്‌ എന്ന ലക്ഷ്യത്തിലേയ്‌ക്ക്‌ കൂടുതലടുത്ത്‌ ജില്ല. സംസ്ഥാന സർക്കാർ ജില്ലയിൽ അനുവദിച്ച നഴ്‌സിങ് കോളേജിന്റെ ‌മുന്നൊരുക്ക പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്‌. പത്തനംതിട്ട സർക്കാർ നഴ്‌സിങ് കോളേജ്‌ ആരംഭിക്കുന്നത്‌ സംബന്ധിച്ച്‌ പുതിയ ഉത്തരവ്‌ സർക്കാർ പുറത്തിറക്കി. 
കോളേജ്‌ ആരംഭിക്കാനാവശ്യമായ ക്രമീകരണമൊരുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ്‌ ഇറക്കിയിരിക്കുന്നത്‌. ജില്ലയിൽ കോളേജ്‌ ആരംഭിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കെട്ടിടം ലഭ്യമാക്കാൻ കരാറിൽ ഏർപ്പെടാൻ പുതിയ ഉത്തരവിൽ പറയുന്നു. കെട്ടിടം അനുവദിച്ച്‌ കിട്ടി ആദ്യ വർഷ ബിഎസ്‌സി നഴ്‌സിങ് ക്ലാസ്‌ ആരംഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിൽ പുതിയ കോളേജ്‌ ആരംഭിക്കാനാണ്‌ സർക്കാർ അനുമതി നൽകിയത്‌. തുടർന്ന്‌ കോളേജുകൾക്ക്‌ അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരു കോടി രൂപ വീതം സർക്കാർ ഫണ്ട്‌ അനുവദിച്ചിരുന്നു. തുക വിനിയോഗിക്കാനും അനുമതി ലഭിച്ചിരുന്നു. ഓരോ കോളേജിനുമുള്ള സീറ്റുകളും നേരത്തെ തീരുമാനിച്ച്‌ നൽകിയിരുന്നു. ജില്ലയിൽ ആരംഭിക്കുന്ന കോളേജിനായി പത്തനംതിട്ട നഗരത്തിൽ തന്നെ കെട്ടിടം കെട്ടിടം അനുവദിച്ച്‌ കിട്ടാൻ നിർദേശം സമർപ്പിച്ചിരുന്നു. ഈ നിർദേശം അംഗീകരിച്ച്‌ കെട്ടിടം ഏറ്റെടുത്ത്‌ ക്ലാസ്‌ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനാണ്‌ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്‌.
കോളേജ്‌ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കഴിഞ്ഞ മാസം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സംഘം സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംഘവുമായി ചര്‍ച്ച നടത്തി. ഈ വര്‍ഷം തന്നെ 60 സീറ്റുകളില്‍ അഡ്മിഷന്‍ നടത്താനുള്ള നടപടിക്രമങ്ങളാണ്‌ നടക്കുന്നത്‌. മതിയായ സൗകര്യങ്ങളൊരുക്കി ജീവനക്കാരെ വിന്യസിച്ചായിരിക്കും കോളേജ് യാഥാര്‍ഥ്യമാക്കുക. 
കഴിഞ്ഞ ബജറ്റില്‍ 25 പുതിയ നഴ്‌സിങ് കോളേജുകള്‍ക്കായി 20 കോടി രൂപയാണ്‌ അനുവദിച്ചത്‌. കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ മേഖലയില്‍ 212 നഴ്‌സിങ് സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷവും പരമാവധി സീറ്റ് വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നു. സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റിന് കീഴിലും കൂടുതല്‍  കോളേജുകൾ പുതുതായി ആരംഭിക്കും. ഇതോടൊപ്പം നിലവിലെ നഴ്‌സിങ് സ്‌കൂളുകളിലും കോളേജുകളിലും സൗകര്യമൊരുക്കി സീറ്റ് വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിലൂടെ നിരവധി പേര്‍ക്കാണ് അവസരം ലഭിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top