20 October Sunday
പുല്ലാട്- മല്ലപ്പള്ളി റോഡ്

ഒരാഴ്ചക്കകം കുഴിയടയ്ക്കും

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019

പുല്ലാട്- മല്ലപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്‌ അഡ്വ.മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം

പത്തനംതിട്ട
പുല്ലാട്- മല്ലപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ അഡ്വ.മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. റോഡിന്റെ നിലവിലുള്ള അവസ്ഥയുടെ ഗൗരവം  കലക്ടർ പി ബി നൂഹ് യോഗത്തിൽ വിവരിച്ചു. 
ഈ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട നിർമാണം ദേശീയപാത അതോറിറ്റിക്ക് കൈമാറിയതിനാൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇവിടെ നിർമാണം നടത്താൻ കഴിയില്ല. എങ്കിലും ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന ഒരാഴ്ചയ്ക്കകം റോഡിലെ കുഴികൾ അടയ്ക്കാൻ തീരുമാനിച്ചു. മാത്യു ടി തോമസ് എംഎൽഎയുടെ നിർദേശപ്രകാരമാണ് വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച്  കലക്ടർ  യോഗം വിളിച്ചുചേർത്തത്. 
ദേശീയപാത അതോറിട്ടിയുടെ നിർമാണം തുടങ്ങുന്നതിന്‌ മുമ്പ് റോഡിന്റെ വശങ്ങളിലെ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ ജോലികൾ പൂർത്തിയാക്കണം. ഒരു മാസത്തിനുള്ളിൽ ഈ പ്രവർത്തികൾ പൂർത്തിയാക്കും. ഇതിനുള്ള ടെൻഡർ നടപടി കഴിഞ്ഞതാണ്. ടെൻഡറിൽ കോൺട്രാക്ടർക്ക് രണ്ടുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജല അതോറിറ്റിയുടെ ജോലികൾ ഒരു മാസത്തിനകം പൂർത്തിയാക്കാനാണ്  നിർദേശിച്ചിരിക്കുന്നത്. 
റോഡ് സൈഡിലെ പൈപ്പ് മാറ്റി കുഴി മൂടുന്ന ജോലികളാണ്‌ പൂർത്തീകരിക്കാനുള്ളത്. നിലവിൽ പൈപ്പിട്ടു കഴിഞ്ഞു. ഒരു മാസത്തെ കാലയളവ് പരിഗണിച്ച് ഈ സമയത്ത് അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ്‌ കുഴികൾ അടയ്ക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിച്ചത്. കൂടുതൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സൈൻ ബോർഡ് സ്ഥാപിക്കാൻ പൊലീസിന്‌ നിർദേശം നൽകി. 
പ്രവർത്തനങ്ങൾ തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ വിലയിരുത്തും. ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം, ജല അതോറിറ്റി എന്നിവയുടെ യോഗം  23ന് സബ് കലക്ടറുടെ ചേംബറിൽ ചേരും. ജല അതോറിറ്റിയുടെ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞാൽ അതേ ആഴ്ചയിൽ തന്നെ ദേശീയ പാത അതോറിറ്റിയുടെ ജോലികൾ ആരംഭിക്കും. ജല അതോറിട്ടി നിലവിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ 19ന്‌ തുടങ്ങും.  ദേശീയ പാത അതോറിട്ടിയുടെ ടെൻഡർ നടപടികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കും. 
മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. കലക്ടർ പി ബി നൂഹ്, സബ് കലക്ടർ ഡോ.വിനയ് ഗോയൽ, ജല അതോറിട്ടി ബോർഡ് അംഗം അലക്സ് കണ്ണമല, തിരുവല്ല ഡെപ്യൂട്ടി തഹസീൽദാർ ബി അനിൽകുമാർ, ദേശീയപാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി ജോൺ കെന്നത്ത്,  ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ആർ ശ്രീകുമാർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ് എൽ സജി, കീഴ്വായ്പൂര് സബ് ഇൻസ്പെക്ടർ ബി എസ് ആദർശ്  എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top