21 October Monday
കോഴഞ്ചേരി റീജണൽ പബ്ലിക് ഹെൽത്ത് ലാബ്‌

കൃത്യമാണിവിടെ രോഗനിർണയം

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019

കോഴഞ്ചേരിയിൽ ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച റീജണൽ പബ്ലിക് ഹെൽത്ത് ലാബ്‌

 കോഴഞ്ചേരി

ജില്ലാ ആശുപത്രിയിലാരംഭിച്ച റീജണൽ പബ്ലിക് ഹെൽത്ത് ലാബിന്റെ സേവനങ്ങൾക്ക് പത്തരമാറ്റിന്റെ തിളക്കം. ആരോഗ്യ മന്ത്രി കെ കെ ശൈലജ ഒരു മാസം മുൻപാണിത്‌ ഉദ്ഘാടനം ചെയ്‌തത്‌. അത്‌ ചികിൽസാ രംഗത്ത് മലയോര ജില്ലക്ക് കുതിപ്പായി. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അപൂർവ രോഗങ്ങളുടെ നിർണയം വരെ ഇവിടെ നടക്കുന്നു. ഇതിനകം 650 പരിശോധനകൾ നടത്തി. വീണാ ജോർജ്‌ എംഎൽഎയുടെ ശ്രമഫലമായി എൽഡിഎഫ് സർക്കാർ 2.17 കോടി  മുടക്കി ജില്ലാ ആശുപത്രിയോട്‌ ചേർന്നാണ് ലബോറട്ടറി ആരംഭിച്ചത്.  
ഡെങ്കു, എലിപ്പനി, ചിക്കൻ ഗുനിയ, ചെള്ളുപനി, ഹെപ്പറൈറ്റീസ് എ, ബി, സി തുടങ്ങി  മെഡിക്കൽ കോളജുകളിലും പ്രത്യേക ലാബുകളിലും നടത്തിവന്ന രക്ത പരിശോധനകൾ  കോഴഞ്ചേരിയിൽ നടത്തുന്നു. ദുരെ സ്ഥലങ്ങളിലെ ലാബുകളെ ആശ്രയിക്കുന്നതു മുലം സമയം നഷ്ടത്തിന്‌ ഇട വന്നിരുന്നു. ബിപിഎല്ലുകാർക്ക് പരിശോധന  സൗജന്യമാണ്. റേഷൽ കാർഡ് കൊണ്ടുവരണം. എപിഎല്ലുകാർക്ക് കുറഞ്ഞ നിരക്കിലാണ് പരിശോധന. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർക്കു കൂടിയുള്ള ലാബാണിത്.രണ്ടുനിലകളുള്ള കെട്ടിടമാണ് ഇതിതായി നിർമിച്ചത്.  ഡോ.റൻസി കോശി,  ഡോ.സോണിയാ പോൾ എന്നിവരുടെ നേതൃത്വത്തിൽ 15 പേരാണ് സേവനം നൽകുന്നത്‌. സർക്കാരിന്റെ ജനപക്ഷ നയങ്ങളുടെ ഭാഗമായി ആരോഗ്യ പരിരക്ഷ സാധാരണക്കാരിൽ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലാ ആശുപത്രി കോമ്പൗണ്ടിന്റെ ഉൾഭാഗത്ത് കാൻസർ കെയർ കെട്ടിടത്തോട്‌ ചേർന്നാണ് ലാബ് പ്രവർത്തിക്കുന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top