20 August Tuesday
അവകാശ പത്രിക അംഗീകരിക്കുക

അത്യുജ്വല വിദ്യാർഥി മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

എസ്എഫ് ഐ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് കേന്ദ്ര കമ്മിറ്റിയംഗം എസ് ആഷിത ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

അപവാദ പ്രചാരണങ്ങൾക്കും തൽപര മാധ്യമ സംഘങ്ങളുടെ വളഞ്ഞിട്ട ആക്രമണത്തിനും പുല്ലുവില നൽകി വിദ്യാർഥി മുന്നേറ്റം. ആശയംകൊണ്ട‌് അക്ഷരമുറ്റങ്ങൾ കീഴടക്കിയ എസ‌്എഫ‌്ഐയെ കരിതേക്കാനും ഉന്മൂലനം ചെയ്യാനും ഒരുമ്പിട്ടിറങ്ങിയവർക്ക‌് കനത്ത താക്കീതായാണ‌് ഉജ്വല വിദ്യാർഥി മാർച്ച‌്. കേവല സംഭവത്തെ ആഘോഷമാക്കി കലാലയങ്ങളിൽനിന്ന‌് തൂവെള്ളക്കൊടി തൂത്തെറിയാമെന്ന‌് മോഹിച്ചവരുടെ കൺമുന്നിലൂടെയാണ‌് ഓരോ ജില്ലയിലും ആയിരക്കണക്കിന‌് എസ‌്എഫ‌്ഐ പ്രവർത്തകർ നടന്നുനീങ്ങിയത‌്.   എസ‌്എഫ‌്ഐ സംസ്ഥാന സർക്കാരിന‌് സമർപ്പിച്ച 51 ഇന ആവശ്യങ്ങൾ അംഗീകരിക്കണമെന്ന‌് ആവശ്യപ്പെട്ടാണ‌് കലക്ടറേറ്റിലേക്ക‌് മാർച്ച‌് നടത്തിയത‌്. 
  പത്തനംതിട്ടയിൽ കലക്ടറേറ്റ‌് മാർച്ച‌് ചരിത്രമായി. കണ്ണങ്കരയിൽനിന്ന‌് ആരംഭിച്ച മാർച്ചിൽ പെരുമഴയത്തും പെൺകുട്ടികളടക്കം ആയിരക്കണക്കിന‌് വിദ്യാർഥികൾ അണിനിരന്നു. മാർച്ച‌് ‌എസ‌്എഫ‌്ഐ കേന്ദ്ര കമ്മിറ്റിയംഗം എസ‌് ആഷിത ഉദ‌്ഘാടനംചെയ‌്തു. ജില്ലാ പ്രസിഡന്റ‌് വൈഷ‌്ണവി ശൈലേഷ‌് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ശരത‌് ശശിധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം റോബിൻ കെ തോമസ‌്, ജില്ലാ ജോയിന്റ‌് സെക്രട്ടറി ആർ ഡോണി, ബാലസംഘം ജില്ലാ സെക്രട്ടറി ജെയ‌്സൺ ജോസഫ‌് സാജൻ എന്നിവർ സംസാരിച്ചു. പത്തനംതിട്ട ഏരിയ സെക്രട്ടറി സൂരജ‌് എസ‌് പിള്ള നന്ദി പറഞ്ഞു.  
    കേരളത്തിലെ മുഴുവൻ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ജനാധിപത്യ വേദികളുടെ രൂപീകരണത്തിനും നിലനിൽപ്പിനുമായി നിയമനിർമാണം നടത്തുക, ട്രാൻസ്‌ജെൻഡേഴ്‌സ്‌ വിദ്യാർഥികൾക്ക്‌ സൗജന്യമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, വിദ്യാഭ്യാസ വായ്‌പ തിരിച്ചടവ്‌ പദ്ധതിയിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കുക, പോളിടെക്‌നിക്‌ ഐടിഐ സിലബസുകൾ കാലാനുസൃതമായി പരിഷ‌്കരിക്കുക എന്നിങ്ങനെ 51 ഇന അവകാശങ്ങളാണ്‌ എസ‌്എഫ‌്ഐ സംസ്ഥാന സർക്കാരിന‌് സമർപ്പിച്ചിട്ടുള്ളത്‌.
 
 
പ്രധാന വാർത്തകൾ
 Top