24 July Saturday

കോന്നിയിൽ മേൽപ്പാലത്തിനായി പഠനം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

കോന്നിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിനുള്ള സാധ്യതാപഠനം നടത്തുന്നു

 

കോന്നി
കോന്നിയിലെ ഗതാഗതകുരുക്കിന് പരിഹാരമായി ടൗണിൽ മേൽപ്പാലം നിർമിക്കാനുള്ള സാധ്യതാ പഠനം കെഎസ്ടിപി ആരംഭിച്ചു. പുനലൂർ–--മൂവാറ്റുപുഴ റോഡ് നിർമാണ അവലോകനത്തിനായി പൊതുമരാമത്ത് മന്ത്രി കോന്നിയിലെത്തിയപ്പോൾ കോന്നി ടൗണിൽ മേൽപ്പാലം വേണമെന്ന നിർദേശം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ മന്ത്രിയ്ക്ക് മുൻപാകെ വച്ചിരുന്നു. വിഷയം പരിഗണിക്കുമെന്നു പറഞ്ഞ മന്ത്രി മേൽപ്പാല സാധ്യത പഠിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്‌ടിപിയ്ക്ക് നിർദേശം നല്കിയിരുന്നു. ഇതേ തുടർന്നാണ് കെഎസ്ടിപി ഉദ്യോഗസ്ഥരും മേൽപ്പാലം നിർമാണത്തിൽ വൈദഗ്‌ധ്യം നേടിയവരും ഉൾപ്പെട്ട സംഘം കോന്നിയിലെത്തിയത്. എംഎൽഎയോടൊപ്പമാണ് സംഘം ടൗണിൽ സന്ദർശനം നടത്തിയത്.
കോന്നി റിപ്പബ്ലിക്കൻ ഹൈസ്കൂളിനു മുന്നിൽനിന്നും ആരംഭിച്ച് മാരൂർപാലത്ത് അവസാനിക്കത്തക്ക മേൽപാലം നിർമിക്കാനുള്ള സാധ്യതയാണ് സംഘം പരിശോധിച്ചത്. ഒന്നര കിലോമീറ്റർ ആയിരിക്കും നീളം. തുടക്ക സ്ഥലത്ത് 20 മീറ്റർ വീതി ആവശ്യമാണ്. റോഡിന്റെ മധ്യഭാഗത്തായി 10 മീറ്റർ വീതിയിൽ രണ്ടുവരി പാതയായി ആയിരിക്കും നിർമാണം. 
റോഡിൽ നിന്നും 7.5 മീറ്റർ ഉയരം മേൽപ്പാലത്തിനുണ്ടാകും. മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ നൂറുകണക്കിന് വാഹനങ്ങൾ കോന്നി ടൗണിലേക്ക് എത്തുന്ന സ്ഥിതിയാകും. ശബരിമല തീർഥാടകൾ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്രധാന പാതയാണ് കോന്നിയിലൂടെ കടന്നുപോകുന്നത്.
മേൽപ്പാലം വന്നാൽ കോന്നി ടൗണിൽ വരേണ്ടാത്ത വാഹനങ്ങൾ ഇതിലൂടെ കടന്നു പോകും. തൂണുകൾക്കിടയിൽ ലഭിക്കുന്ന സ്ഥലം പാർക്കിങ്ങിനും ഉപകരിക്കും. ഇത് പൊതുജനങ്ങൾക്കും ടൗണിലെ കച്ചവട സ്ഥാപനങ്ങൾക്കും കൂടുതൽ സഹായകമാകും.
പുതിയതായി വസ്തു ഏറ്റെടുക്കുന്നത് പരമാവധി ഒഴിവാക്കി നിർമാണം നടത്താൻ  കഴിയുമോ എന്നാണ് പരിശോധിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. 
എംഎൽഎയ്ക്കൊപ്പം ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ വി കെ ജാസ്മിൻ, അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനീയർ റോജി പി വർഗീസ്, കൺസൾട്ടിങ്‌ എൻജിനീയറിങ്‌ ഗ്രൂപ്പ് (സിഇജി) ബ്രിഡ്ജസ് വിഭാഗം എൻജിനീയർ കെ എ രാജേന്ദ്രൻ, സി ജെ അരവിന്ദ്, സിവിസി പ്രൊജക്ട് മാനേജർ പി ബിജു എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top