25 May Monday

നേരിയ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ഹാൻഡ്‌വാഷ് കേന്ദ്രത്തിൽ നിന്നും കൈകഴുകുന്ന ആശുപത്രി ജീവനക്കാരി.

 പത്തനംതിട്ട 

ജില്ലയിൽ ബുധനാഴ്‌ചയും ഒരു കേസും പോസീറ്റിവായി കണ്ടെത്താത്തത്‌ ആശ്വാസമാകുന്നു. അടുത്ത രണ്ടാഴ്‌ച നിർണായകമെങ്കിലും സുരക്ഷാ മുൻകരുതലുകൾ രോഗത്തിൽനിന്ന്‌ അകറ്റി നിർത്തുമെന്ന പ്രതീക്ഷയാണ്‌ ജില്ലയെങ്ങും. ഇതിന്‌ താങ്ങായി സർക്കാരിന്റെ ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിനും ജില്ലയാകെ പുരോഗമിക്കുന്നു. വിവിധ സന്നദ്ധസംഘടനകൾ ഇതിനായി മുന്നോട്ടുവരുന്നുണ്ട്‌. 
ബുധനാഴ്‌ചത്തെ സർവൈലൻസ് ആക്ടിവിറ്റികൾ വഴി പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ ആരെയും കണ്ടെത്തിയിട്ടില്ല.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എട്ടു പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഏഴു പേരും നിലവിൽ ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാൾ ഐസൊലേഷനിൽ ഉണ്ട്. ആകെ 16 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്.
ബുധനാഴ്‌ച പുതിയതായി രണ്ടു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതുവരെ 44 പേരെ ഡിസ്ചാർജ് ചെയ്തു.
വീടുകളിൽ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളിലായി 1254 പേർ നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തുനിന്നും തിരിച്ചെത്തിയ 1894 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.  
സർക്കാർ മേഖലയിൽ 60 ബെഡും സ്വകാര്യമേഖലയിൽ 48 ബെഡും രോഗികളെ ഐസൊലേറ്റ് ചെയ്യാൻ സജ്ജീകരിച്ചു.
ബുധനാഴ്‌ച ജില്ലയിൽ നിന്നും 10 സാമ്പിളുകൾ ഉൾപ്പെടെ ആകെ 128 സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു. 
ജില്ലയിൽ ഇന്നുവരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പൊസിറ്റീവായും 62 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 116 കോളുകളും ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 82 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ മാപ്പിങ് ഉപയോഗിച്ചുളള പരിശോധനയിൽ മൂന്ന്‌ കോളുകൾ ലഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരെ സംബന്ധിച്ച് 42 കോളുകളും ലഭിച്ചു.
വിദേശത്തുനിന്നും തിരിച്ചെത്തിയ 636 പേരെ പുതുതായി കണ്ടെത്തി. 236 പേരെ ബുധനാഴ്‌ച നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. അവരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തുകയും സാമ്പിൾ പരിശോധനക്ക്‌ അയയ്ക്കുകയും ചെയ്തു.
 
പ്രധാന വാർത്തകൾ
 Top