25 May Monday

പൂർണപിന്തുണയുമായി മാർത്തോമ്മ മെത്രാപ്പൊലീത്ത

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 പത്തനംതിട്ട

കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന് പൂർണപിന്തുണയുമായി മലങ്കര മാർത്തോമ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തശേഷം പത്തനംതിട്ട കലക്ടറേറ്റിലാണ്‌ സഭയുടെ നിലപാട് മെത്രാപ്പൊലീത്ത വ്യക്തമാക്കിയത്. 
മാർച്ച് 31 വരെ പള്ളികളിൽ പരമാവധി 15 പേർ പങ്കെടുക്കുന്നതിനാണ് സഭ അനുവാദം നൽകിയിരിക്കുന്നത്. സംസ്‌കാര ശുശ്രൂഷകൾക്ക് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്താൽ മതിയെന്നും അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ള വ്യക്തികൾ ശുശ്രൂഷകളിൽ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. കുർബാന, പള്ളി കൂദാശകൾ, ഇടവക സംഘയോഗങ്ങൾ, നോമ്പുപ്രാർഥന ഉൾപ്പെടെയുള്ള മറ്റു കൂദാശകളും യോഗങ്ങളും മാർച്ച് 31 വരെ നടത്തുന്നില്ല. സ്‌കൂൾ, കോളജ്, മന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ വാർഷിക യോഗങ്ങൾ, യാത്രയയപ്പ് യോഗങ്ങൾ, പൊതുപരിപാടികൾ, വിനോദയാത്രകൾ എന്നിവ ഈസ്റ്റർ വരെ മാറ്റിവയ്ക്കും. 
സന്ദർശകരെ ഒഴിവാക്കിയതായും കത്തിലൂടെയും ഫോണിലൂടെയുമാണ് മറ്റുള്ളവരോട് സംസാരിക്കുന്നതെന്നും ഇതിലൂടെ കൊറോണ വൈറസ്ബാധ തടയുന്നതിന് ഒരു പരിധിവരെ സാധിക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. കൊറോണവൈറസ് ബാധ തടയുന്നതിന്‌ സംസ്ഥാന സർക്കാരും ജില്ലാഭരണവും സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികളോട് എല്ലാവരും സഹകരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്നും ഹസ്തദാനം ഉൾപ്പെടെയുള്ള സാമൂഹികാചാരക്രമങ്ങളും ഭവന സന്ദർശനങ്ങളും സാമൂഹിക സന്ദർശനങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് അഭിനന്ദനം അറിയിക്കുന്നതായും  മെത്രാപ്പൊലീത്ത പറഞ്ഞു. കലക്ടർ പി ബി നൂഹ്, തിരുവല്ല സബ് കലക്ടർ ഡോ. വിനയ് ഗോയൽ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഗ്രിഗറി കെ ഫിലിപ്പ്, വിപിഎംഎസ് ജനറൽ സെക്രട്ടറി അഡ്വ.പി എസ് പ്രസാദ്, മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ സെക്രട്ടറി റവ. ഷിജോയ് എബ്രഹാം സക്കറിയ, സമസ്ത കേരള ജംഇയത്തുൽ ഉലം പ്രതിനിധി എം മുഹമ്മദ് സാലി, ഐപിസി പ്രതിനിധി ജിജി ചാക്കോ, കുമ്പനാട് ഐപിസി ജനറൽ സെക്രട്ടറി സാം ജോർജ്, പിആർഡിഎസ് ജോയിന്റ് സെക്രട്ടറി കെ ടി വിജയൻ തുടങ്ങിയവരും വീഡിയോ കോഫറൻസിൽ പങ്കെടുത്തു.
 
 

 

പ്രധാന വാർത്തകൾ
 Top