പന്തളം
പന്തളം നഗരസഭയിൽ എൽഡിഎഫിലെ ചെയർപേഴ്സൻ ടി കെ സതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം ബിജെപിയുടെ പന്തളം നേതൃത്വവുമായും ബിജെപി കൗൺസിലർമാരുമായും നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന്
ആർഎസ്പി നേതാവായ കൗൺസിലർ. നഗരസഭ 26–-ാം വാർഡ് കൗൺസിലറും ആർഎസ്പി ദേശീയ സമിതിയംഗവുമായ അഡ്വ. കെ എസ് ശിവകുമാറാണ് ബിജെപി ,- കോൺഗ്രസ് അവിശുദ്ധ സഖ്യത്തിന്റെ രഹസ്യം പത്രസമ്മേളനം നടത്തി പുറത്തുവിട്ടത്.
നഗരസഭാ അധ്യക്ഷയ്ക്കെതിരെ കൊണ്ടുവന്ന കോൺഗ്രസ് അവിശ്വാസം എട്ട് നിലയിൽ പൊട്ടിയപ്പോൾ തന്നെ ഈ രഹസ്യ ധാരണ മറനീക്കി പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിന് ഔദ്യോഗിക ഭാഷ്യം കൈവന്നതോടെ കോൺഗ്രസിന് തലയൂരാൻ കഴിയാത്ത അവസ്ഥയായി. അവിശ്വാസത്തിന്റെ പിന്നാമ്പുറ കഥകൾ യുഡിഎഫ് ഘടകകക്ഷിയിൽ പ്പെട്ട നേതാവു തന്നെ വെളിപ്പെടുത്തിയത് യുഡിഎഫിലും ' കോൺഗ്രസിലും വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
ശിവകുമാർ അവിശ്വാസ ചർച്ചയിൽ പങ്കെടുത്തതിന് ശേഷം വോട്ടെടുപ്പിന് തൊട്ട് മുമ്പ് പുറത്ത് പോയതും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും കോൺഗ്രസ് കൗൺസിലറുമായ ആനി ജോൺ വോട്ട് അസാധുവാക്കിയതും തുടർന്ന് ബിജെപി വോട്ടുകൾ ലഭിച്ചിട്ടും വേണ്ട ഭൂരിപക്ഷമില്ലാതെ അവിശ്വാസം പരാജയപ്പെട്ടതും വൻ വിവാദമായിരുന്നു. ശിവകുമാർ പുറത്ത് പോയതിനെതിരെ ചില കോൺഗ്രസ് നേതാക്കൾ തിരിയാനിടയായതും പോസ്റ്റർ പ്രചാരണം നടത്തിയതിനെയും തുടർന്നാണ് ശിവകുമാർ രഹസ്യം വെളിപ്പെടുത്തിയത്. ദേശിയ കൗൺസിലിൽ പങ്കെടുക്കാൻ വിമാനത്താവളത്തിലേക്ക് പോകാനാണ് വോട്ടെടുപ്പിന് നിൽക്കാതെ പോയതെന്നും ബിജെപി പിന്തുണ ഉറപ്പായതിനാൽ യാത്ര മുടക്കേണ്ട, നേരത്തെ പൊയ്ക്കൊള്ളാൻ പ്രതിപക്ഷ നേതാവ് എൻ ജി സുരേന്ദ്രൻ തന്നെ നിർദേശിക്കുകയായിരുന്നെന്നും ശിവകുമാർ പറഞ്ഞു. ഇതോടെ കോൺഗ്രസ് നേതാവും നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ എൻ ജി സുരേന്ദ്രന്റെ നേതൃത്വത്തിന്റെ ബിജെപി ബാന്ധവത്തിന്റെ കഥയാണ് പുറത്ത് വന്നത്.
നേതൃത്വത്തോട് ആലോചിക്കാതെ നടത്തിയ കച്ചവടത്തിൽ ഡിസിസി പന്തളം നേതൃത്വത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. മാത്രമല്ല ആനി ജോൺ വോട്ട് അസാധുവാക്കിയത് അറിവില്ലായ്മ കൊണ്ടോ തെറ്റിപ്പോയതോ അല്ലെന്നും ഇതിൽ സംശയം ഉണ്ടെന്നും ശിവകുമാർ ആരോപിച്ചു. ഇതോടെ കോൺഗ്രസ് കൗൺസിലർക്കെതിരെ ഘടകകക്ഷി കൗൺസിലർ ഗുരുതരമായ ആരോപണം ഉന്നയിച്ചതും പന്തളത്ത് യുഡിഎഫിന് തലവേദനയാകും. ശബരിമല വിഷയത്തിൽ ബിജെപിയെ കോൺഗ്രസ് സഹായിച്ചതിന് പകരമായാണ് നഗരസഭയിലെ ബിജെപി സഹായമെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് ശിവകുമാറിന്റെ വെളിപ്പെടുത്തലുകൾ. ഇത് പന്തളത്ത് ബിജെപിയിലും യുഡിഎഫിലും കടുത്ത ഭിന്നതയ്ക്കിടയാക്കും.