07 July Tuesday

സർക്കാരിനെതിരെ പറയാൻ പ്രതിപക്ഷത്തിന‌് ഒന്നുമില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 കോന്നി

തെരഞ്ഞെടുപ്പ‌് പ്രചാരണത്തിൽ എൽഡിഎഫ‌് സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്ത അവസ്ഥയാണ‌് യുഡിഎഫിനെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. അതുകൊണ്ടാണ‌് മതവും ജാതിയും പറഞ്ഞും കുപ്രചാരണം നടത്തിയും വോട്ട‌് പിടിക്കുന്നത‌്. വിമർശനം ഉണ്ടെങ്കിൽ തുറന്നു പറയാനുള്ള ധൈര്യം പ്രതിപക്ഷ നേതാവ‌് കാണിക്കണം. ജാതിയും മതവും പറഞ്ഞ‌് വോട്ട‌് പിടിക്കരുത‌്. ഇത‌് നഗ‌്നമായ തെരഞ്ഞെടുപ്പ‌് ചട്ടലംഘനമാണ‌്. ഇത്തരം പ്രചാരണങ്ങളെ തള്ളിയ ചരിത്രമേ കേരളത്തിനുള്ളൂ എന്ന‌് ഓർക്കണം. കോന്നിയിൽ എൽഡിഎഫ‌് സംഘടിപ്പിച്ച വിവിധ തെരഞ്ഞെടുപ്പ‌് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
സാമൂഹ്യനീതി നടപ്പാക്കുന്നതിലും വികസനത്തിലും കേരളം അഭൂതപൂർവമായ നേട്ടമാണ‌് കഴിഞ്ഞ മൂന്നര വർഷത്തിനിടെ നേടിയത‌്.  ക്ഷേമ പെൻഷൻ ഓരോ വർഷവും വർധിപ്പിക്കുന്നു. എൽഡിഎഫ‌് ഭരിക്കുന്നിടത്തോളം കാലം ഈ വർധന തുടരും. സർക്കാരിനെ വിലയിരുത്തിയിട്ട‌് തന്നെ ജനം വോട്ട‌് ചെയ്യട്ടെ. ഒപ്പം കേന്ദ്രത്തിലെ മോഡി സർക്കാരിനെയും കഴിഞ്ഞ യുഡിഎഫ‌് സർക്കാരിനെയും വിലയിരുത്തണം. ജനമനസാക്ഷി ഇടതുപക്ഷത്തിനൊപ്പമേ നിൽക്കൂ.
മലയോര ഹൈവേ, ദേശീയപാത വികസനം, കേരള ബാങ്ക‌് തുടങ്ങിയവയെല്ലാം യാഥാർഥ്യത്തിലേക്ക‌് നീങ്ങിയത‌് എൽഡിഎഫിന്റെ ഇഛാശക്തി വെളിവാക്കുന്നു. സൂര്യനെ പോലും വിറ്റ യുഡിഎഫിന്റെ ഭരണകാലം കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നു. പാലാരിവട്ടം പാലത്തിലെ വിള്ളലിന്റെ ആഴം യുഡിഎഫിന്റെ അഴിമതിയുടെ ആഴം കൂടിയാണ‌് കാണിക്കുന്നത‌്.
വനിതകളുടെയും പിന്നോക്ക വിഭാഗക്കാരുടെയും വികസനത്തിന‌് ഇത്രയധികം ചെയ‌്ത സർക്കാർ ഇന്ത്യയിലില്ല. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിൽ കൂടുതൽ തസ‌്തികകൾ സൃഷ്ടിച്ചു. സ‌്ത്രീകൾക്കാണ‌് ഇത‌് പ്രധാനമായും ഗുണം ചെയ്യുക. ബജറ്റിൽ വനിതാ ക്ഷേമത്തിന‌് തുക നീക്കിവച്ചു. കച്ചവട സ്ഥാപനങ്ങളിൽ ജീവനക്കാർക്ക‌് ഇരിപ്പിടം നൽകി. എസ‌്സി﹣-എസ‌്ടി വിഭാഗത്തിന‌് കൂടുതൽ ഫണ്ട‌് നൽകി. പട്ടികവിഭാഗക്കാർക്ക‌് സിവിൽ സർവീസ‌് കോച്ചിങ‌് നൽകുക വഴി ആദിവാസി ഊരുകളിലും ഐഎഎസ‌്, ഐപിഎസ‌് പ്രതിഭകൾ പിറന്നു. ചെയ‌്ത കാര്യങ്ങൾ എണ്ണിയെണ്ണി സർക്കാർ പറയുമ്പോൾ പ്രതിപക്ഷം മറുപടിയില്ലാത്ത അവസ്ഥയിലാണ‌്. രാഷ‌്ട്രീയ പാപ്പരത്തം മൂലം അവർ മതവും സ്ഥാനാർഥികൾക്കെതിരെ കള്ളപ്രചാരണവുമായി നടത്തുന്നു.
 കേന്ദ്രത്തിൽ ബിജെപിയുടെ "പിൻതാങ്ങി പ്രതിപക്ഷ'മാണ‌് കോൺഗ്രസ‌്. എൽഡിഎഫ‌് പാർലമെന്റിൽ ശക്തമായിരുന്നെങ്കിൽ ബിജെപി കൊണ്ടുവരുന്ന കരിനിയമങ്ങളെ തടയുമായിരുന്നെന്നും കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top