16 October Wednesday

വമ്പൻ കലക്ഷനുമായി 
ഇക്കോ ടൂറിസം സെന്റർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

കോന്നി ആനത്താവളത്തിൽ പ്രവേശന പാസിനായി ചൊവ്വാഴ്ച അനുഭവപ്പെട്ട തിരക്ക്

കോന്നി
ഓണ അവധിക്ക്‌ വമ്പൻ കലക്ഷനുമായി കോന്നി ഇക്കോ ടൂറിസം സെന്റർ. ഒറ്റ ദിവസത്തെ വരുമാനം 6,47,000 രൂപ. ആനത്താവളം കേന്ദ്രീകരിച്ച്  ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയ ശേഷം ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വരുമാനം ലഭിക്കുന്നത്. കോന്നി ആനത്താവളത്തിൽ 3,92,000 രൂപയും, അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിൽ 2,55,000 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വരുമാനം. തിരുവോണ ദിവസവും, തിങ്കളാഴ്ചയും ആനത്താവളത്തിന് അവധിയായതിനാലാണ് ചൊവ്വാഴ്ച തിരക്ക് വർധിച്ചത്. ആനത്താവളത്തിൽ ടിക്കറ്റ് ഇനത്തിൽ 2,19,000 രൂപയും, വനവിഭവങ്ങളുടെ വിതരണത്തിലൂടെ 1, 20,000 രൂപയും, കഫേയിൽ 31,000 രൂപയും, ത്രീഡി തീയേറ്ററിൽ 22,000 രൂപയുമായിരുന്നു വരുമാനം.
2,700 പേരാണ് ചൊവ്വാഴ്ച ആനത്താവളം സന്ദർശിച്ചത്‌. നൂറോളം വിദേശസഞ്ചാരികളും ഇവിടെ എത്തി. അടവിയിലാകട്ടെ തിങ്കളാഴ്ച പ്രവർത്തി ദിവസമായിരുന്നു. 1,22,400 രൂപയായിരുന്നു ടിക്കറ്റ് വരുമാനം.  ഇവിടെ നിന്നുള്ള ഗവി യാത്രയ്‌ക്ക്‌ 22,000 രൂപയും, വന വിഭവ വിതരണത്തിലൂടെ 13,000 രൂപയും, ഏറുമാട വാടകയിനത്തിൽ 9,000 രൂപയും, കഫേയിൽ നിന്നും 11,000 രൂപയും ലഭിച്ചു. തിങ്കളാഴ്ച മാത്രം ലഭിച്ചത് 1,77,400 രൂപയാണ്. ചൊവ്വാഴ്ച ടിക്കറ്റ് ഇനത്തിൽ 1,80,000 രൂപയും, വനശ്രീ സ്റ്റാൾ വഴി 31,000 രൂപയും, ഗവി യാത്രയ്ക്ക്‌  22,000 രൂപയും, കഫേയിൽ നിന്നും 13,000 രൂപയും അടക്കം 2,55,000 രൂപ ലഭിച്ചു. തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായി ആകെ 4,32,400 രൂപയാണ് അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിന്റെ വരുമാനം. ഇതും കോന്നി ആനത്താവളത്തിന്റെ ഒരു ദിവസവരുമാനവും ചേർത്താൽ ഇക്കോ ടൂറിസം സെന്ററിന് ലഭിച്ച തുക 8, 24,400 രൂപയാണ്. അടവിയിൽ രണ്ടു ദിവസമായി രണ്ടായിരത്തിലധികം വിനോദ സഞ്ചാരികളാണ് എത്തിയത്. ആനത്താവളത്തിലാകട്ടെ ഒറ്റ ദിവസം 2,700 പേരും എത്തി. ആനത്താവളത്തിലും, അടവിയിലും വിനോദ സഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഓണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജികുമാർ പറഞ്ഞു. ആനത്താവളത്തിലെ പാർക്കിങ് ഏരിയ ഇന്റർലോക്ക്‌ സ്ഥാപിച്ച് വിപുലമാക്കി. 
പുതുതായി ഊഞ്ഞാൽ സ്ഥാപിച്ചു. വരും ദിവസങ്ങളിൽ ഓണ അവധിയായതിനാൽ വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും തിരക്ക് ഏറുമെന്ന പ്രതീക്ഷയിലാണ് ടൂറിസം സെന്റർ അധികൃതർ. മഴ മാറി നിന്നതും തിരക്ക് കൂടാൻ കാരണമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top