24 October Thursday
നാട്‌ നാറുന്നു

കർമസേനയെവിടെ?

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

പത്തനംതിട്ട റിങ് റോഡിന് സമീപത്ത് മാസങ്ങളായി കുമിഞ്ഞു കൂടി കിടക്കുന്ന മാലിന്യം

 പത്തനംതിട്ട 

നഗരസഭാപരിധിയിൽ മാലിന്യനീക്കം നിലച്ചിട്ട്‌ മൂന്ന്‌ മാസമായി. ജൂൺ 15ന്‌ മാലിന്യസംഭരണം നിർത്തിവച്ച ശേഷം നാടാകെ നാറിയിട്ടും നഗരസഭക്ക്‌ കുലുക്കമില്ല. വാർഡ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനെന്ന പേരിൽ രൂപീകരിച്ച ഹരിതകർമ സേനയുടെയും വിവരമൊന്നുമില്ല. എവിടെ തിരിഞ്ഞാലും മാലിന്യവും ദുർഗന്ധവും. 
ഏറെ തർക്കങ്ങൾക്കും സമരങ്ങൾക്കും ശേഷമാണ്‌ മാലിന്യപ്രശ്‌നത്തിന്‌ പരിഹാരമായി നമരസഭ ഹരിതകർമസേന പദ്ധതി കൊണ്ടുവന്നത്‌. ഇതിനായി ശുചീകരണ തൊഴിലാളികളായ 15 പേർ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി. ഇവരുടെ ജോലി ഇതുവരെ ആരംഭിച്ചിട്ടില്ല. ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിക്കുക, ഉറവിടത്തിൽ സംസ്‌കരിക്കാവുന്നവയെ അവിടെ സംസ്‌കരിക്കുക, പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ച്‌ 50 മൈക്രോണിൽ താഴെയുള്ള റീസൈക്കിൾ ചെയ്യാൻ കഴിയാത്തവ ഷ്രെഡ്ഡിങ്ങ്‌ യൂണിറ്റുകളിലെത്തിക്കുക എന്നിങ്ങനെയായിരുന്നു കർമസേനയുടെ പരിപാടി. 
അജൈവ മാലിന്യം യൂണിറ്റുകളിൽ പൊടിച്ച്‌ ടാറിങ്ങിനടക്കം ഉപയോഗിക്കാനും പദ്ധതിയിട്ടു. 
ഷ്രെഡിങ്ങ്‌ യൂണിറ്റ്‌ നിർമാണവും സംഭരിക്കുന്ന മാലിന്യം നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്തലും എങ്ങുമെത്തിയില്ല. യൂണിറ്റിന്‌ സ്ഥലം ലഭിക്കാത്തതിനാൽ മാലിന്യപ്രശ്‌നത്തിന്‌ എന്ന്‌ പരിഹാരമാകുമെന്ന ആശങ്കയിലാണ്‌ നഗരസഭാവാസികൾ. വീടുകളിലെയും വിവിധ സ്ഥാപനങ്ങളിലെയും മാലിന്യം പത്തനംതിട്ട ടൗണിലെ പല കോണുകളിലും കുന്നുകൂടുന്നു. 
എത്രയും വേഗം ആവശ്യമായ നിർമാണപ്രവർത്തികൾ നടത്തി ജനങ്ങളെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കണമെന്ന്‌ നഗരസഭാ പ്രതിപക്ഷനേതാവ്‌ പി കെ അനീഷ്‌ പറഞ്ഞു. സ്ഥല പരിമിതിയുള്ളതിനാൽ ആർക്കും ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയണം. ഇതിനായി തയാറെടുപ്പുകൾ നടക്കുന്നതായി ഹെൽത്ത്‌ സൂപ്പർവൈസർ ബിനു പറഞ്ഞു.        
പ്രധാന വാർത്തകൾ
 Top