19 April Friday

തിരുവല്ലയില്ലേത് ഏറ്റവും വലിയ രക്ഷാപ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 35 ബോട്ടുകളാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.  ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ ഹെലികോപ്റ്ററിൽ രക്ഷിക്കും. അടൂരിൽ എത്തിയ 23 ബോട്ടുകളിൽ മൂന്നെണ്ണം പന്തളത്തേക്കും 10 എണ്ണം തിരുവല്ലയിലേക്കും 10 എണ്ണം പത്തനംതിട്ടയിലേക്കും അയച്ചു.  തിരുവനന്തപുരത്തുനിന്നും ഇന്നലെ രാത്രി കടപ്രയിൽ രക്ഷാപ്രവർത്തനത്തിനായി പത്ത് ബോട്ടുകൾ എത്തിച്ചിരുന്നു.   തിരുവനന്തപുരത്തുനിന്ന് കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകളും  രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇവ വട്ടടി, തോട്ടടി തുടങ്ങിയ ഉൾപ്രദേശങ്ങളിലാണ് ഉപയോഗിക്കുക. 

കോഴഞ്ചേരി ആറന്മുള മേഖലയിൽ കഴിഞ്ഞ ദിവസം എൻഡിആർഎഫിന്റെ 15 ബോട്ടുകളും ആറോളം ഫിഷിങ് ബോട്ടുകളും രക്ഷാപ്രവർത്തനത്തിനുപയോഗിച്ചു. കോഴഞ്ചേരി, ആറന്മുള മേഖലയിൽ വെള്ളിയാഴ്ച മാത്രം 1200 പേരെ രക്ഷപ്പെടുത്തി.
 
 
മല്ലപ്പള്ളി 
കനത്ത മഴയിലും മലവെള്ളപാച്ചിലിലും മല്ലപ്പള്ളി അക്ഷരാർഥത്തിൽ വെള്ളത്തിലായി. കുന്നന്താനം, കല്ലൂപ്പാറ, ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകൾ കാലവർഷക്കെടുതിയുടെ ദുരിതംപേറുന്നു. എഴുമറ്റൂർ കരമലയിൽ മലയിടിഞ്ഞ് അന്നക്കുഴി ശാന്തിപുരം റോഡ് തകർന്നു. താലൂക്കിലെ ഇരുപത്തഞ്ചോളം ക്യാമ്പുകളിലായി ആയിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽനിന്നും വള്ളങ്ങളിലും ചങ്ങാടങ്ങളിലുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. മല്ലപ്പള്ളി ആനിക്കാട് റോഡ്, കോഴഞ്ചേരി റോഡ്, കോട്ടയം റോഡ് എന്നിവ വെള്ളത്തിലായി. ഗ്രാമീണ റോഡുകളും വെള്ളത്തിലാണ്. വെള്ളപ്പൊക്കത്തിൽ മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിലെ മൂന്നു ബസുകൾ മുങ്ങി. ഡിപ്പോയിലെ മുഴുവൻ രേഖകളും നശിച്ചു. 
മഴ അൽപ്പം ശമിച്ചതോടെ  വെള്ളിയാഴ്ച ടൗണിലെ ജലനിരപ്പ് താഴ്ന്നു. താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ജനകീയ രക്ഷാപ്രവർത്തനമാണ് നിരവധി ജീവനുകൾ രക്ഷിച്ചത്.  മല്ലപ്പള്ളി കെഎസ്ആർടിസി സബ് ഡിപ്പോയടക്കം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. താലൂക്കിലെ അപകടസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിൽനിന്നും മുഴുവൻ ആളുകളെയും മാറ്റി പാർപ്പിച്ചിരിക്കുകയാണ്. വിവിധ പഞ്ചായത്തുകളിലെ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 1341 ആളുകളെയാണ്  മാറ്റി പാർപ്പിച്ചിട്ടുള്ളത്. 410 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വീണു പരിക്കേറ്റ ഗർഭിണിയടക്കം മൂന്നുപേരെ ചികിത്സക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇരവിപേരൂർ
സമാനതകളിലാത്ത മഹാപ്രളയത്തിൽ മുങ്ങി മണിമലയാറിന്റെ കരകൾ. നദീതീരത്തും താണപ്രദേശങ്ങളിലും വെള്ളം കയറി. കവിയൂർ, ഇരവിപേരൂർ, പുറമറ്റം, കോയിപ്രം പഞ്ചായത്തുകളിൽ സ്കൂളുകൾക്ക്് പുറമെ കല്യാണമണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, പാരീഷ് ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 
കവിയൂർ സ്ലീബാ പള്ളിയുടെ ഓഡിറ്റോറിയത്തിലും  ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 30 വർഷമായി നീരൊഴുക്ക് നിലച്ച വരട്ടാർ  പുനരുജ്ജീവനത്തിന് ശേഷമുണ്ടായ വെള്ളപൊക്കം വൻ പ്രളയം തന്നെയാണ് സൃഷ്ടിച്ചത്. വരട്ടാറിലെ ചെല്ലൂർകടവിൽ പാലത്തിന്റെ വൈകരികൾ വെള്ളത്തിലായി. ബുധനാഴ്ച പകൽ രണ്ടോടെയാണ് ഇവിടെ വെള്ളം ഇരച്ചെത്തിയത്. വരട്ടാർ തീരത്തുള്ള പുതുക്കുളങ്ങര ദേവിക്ഷേത്രത്തിലും വെള്ളംകയറി. പള്ളിയോടപുരയിൽ വെള്ളം കയറിയതിനെ തുടർന്ന് ഓതറ പള്ളിയോടം പുതുകുളങ്ങര ദേവിക്ഷേത്രത്തിന്റെ ആനകൊട്ടിലിലേക്ക് മാറ്റി. പുതുക്കുളങ്ങരയിൽ മുപ്പത്തിലധികം വീടുകളിൽ രണ്ടാം നിലയിലടക്കം വെള്ളം കയറി. വരട്ടാർ തീരത്തുള്ള സൊസൈറ്റിപ്പടിയിലെ മുപ്പതോളം വീടുകളിലും ആളുകൾ കുടുങ്ങി. തിരുവല്ല‐ കുമ്പഴ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയവരെ ഇരവിപേരൂർ പഞ്ചായത്ത് ഏർപ്പെടുത്തിയ സ്വകാര്യ വള്ളങ്ങളിൽ രക്ഷപ്പെടുത്തി. ടികെ റോഡിൽ വള്ളംകുളം ജങ്ഷൻ മുതൽ ഇരവിപേരൂർ ജങ്ഷൻ വരെ ഒന്നരയടിയോളം ജലനിരപ്പ് ഉയർന്നതിനാൽ വലിയവാഹനങ്ങൾക്ക് പോലും യാത്ര അസാധ്യമായി. വെണ്ണിക്കുളത്തിന് സമീപം കുരുമലയിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. വെണ്ണിക്കുളം ടൗണിലും വെള്ളം കയറി. പുറമറ്റം, കവിയൂർ പഞ്ചായത്തുകൾ പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
കോന്നി
കനത്ത മഴയിൽ അച്ചൻകോവിലാർ കരകവിഞ്ഞ് കോന്നി ഒറ്റപ്പെട്ടു.  അരുവാപ്പുലം പഞ്ചായത്തിൽ വെൻവേലിപടി മുതൽ വയക്കര മുഴി വരെ വെള്ളം കയറി കൊക്കാത്തോട് പ്രദേശം ഒറ്റപ്പെട്ടു.   ആദിവാസി മേഖലയടക്കം പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ കോന്നി മാരൂർപാലം മുതൽ എലിയറയ്ക്കൽ വരെ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി. സിപിഐ എം കോന്നി ഏരിയ കമ്മിറ്റി ഓഫീസിന്റെ താഴത്തെനിലയിൽ വെള്ളം കയറി. ഐരവണ്ണിലും,കല്ലേലി, പ്രമാടത്തും, വള്ളിക്കോടും, വി കോട്ടയത്തും പല പ്രദേശങ്ങളിൽ വെള്ളം കയറി. മലയാലപ്പുഴയിൽ കടവുപുഴയിൽ വെള്ളം കയറി വെട്ടൂർ, അട്ടച്ചാക്കൽ, ആഞ്ഞിലികുന്ന്, ചാങ്കൂർ മുക്ക് എന്നീ പ്രദേശങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി, നിരവധി വീടുകൾ തകർന്നു.  ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.  കോന്നി ഗവ.സ്കൂളിലും, വെട്ടൂർ സ്കൂളിലും, മലയാലപ്പുഴ പൊതിപ്പാട് എസ്എൻഡിപി സ്കുളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി വിതരണവും പൂർണ്ണമായി തടസ്സപ്പെട്ടു.
 
 
 
 
 
പ്രധാന വാർത്തകൾ
 Top