27 June Thursday
ഒഴുകിയെത്തിയ തടി കടത്തുന്നു

പരാതിപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

 ചിറ്റാർ

മഹാപ്രളയത്തെ തുടർന്ന് കിഴക്കൻ മേഖലയിലെ വനങ്ങളിൽ നിന്ന് കടപുഴകി ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിവന്ന കൂറ്റൻമരങ്ങൾ അധികൃതരുടെ ഒത്താശയോടെ കച്ചവടക്കാർ കടത്തുന്നു. സീതത്തോട് പഞ്ചായത്തിലെ തേക്കുംമൂട് ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഒഴുകി എത്തിയ തടികളാണ് വ്യാപകമായി കടത്തിയിരിക്കുന്നത്.ഈ സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ പരാതി പറഞ്ഞ സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി  നന്ദകുമാറിനെതിരെ ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പൊലീസിൽ കേസ് കൊടുത്തു. താൻ ടെലിഫോണിൽ വിളിച്ച് ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെ അസഭ്യം പറഞ്ഞു എന്നാണ് കേസ് നൽകിരിക്കുന്നതെന്ന് നന്ദകുമാർ പറഞ്ഞു. 
വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ രേഖപെടുത്തി കള്ളകേസ് കൊടുത്ത് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ മുഖ്യമന്ത്രി, സിസിഎഫ്,വനം മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് നന്ദകുമാർ പറഞ്ഞു.
സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ വ്യാജ പരാതി നൽകിയ ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നടപടിയിൽ സിപിഐ എം സീതത്തോട് ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിക്ഷേധിച്ചു. റേഞ്ച് ഓഫീസറുടെ അറിവോടെയാണ് കിഴക്കൻ പ്രദേശത്ത് വ്യാപകമായി തടികടത്തു നടക്കുന്നതെന്നും ഇതിനെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ കള്ളക്കേസ് നൽകി ഭീഷണിപെടുത്തന്ന ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും കമ്മറ്റി  ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top