20 August Tuesday

തർക്കമില്ല, അടൂർ എൽഡിഎഫിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 അടൂർ

അടൂർ അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫ് അനുകൂല തരംഗം.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ  അടൂരിൽ വികസനത്തിന്റെ പെരുമഴ സൃഷ്ടിച്ച നടത്തിയ വികസന പ്രവർത്തനങ്ങളും  20 വർഷം തുടർച്ചയായി യുഡിഎഫിന്റെ കൈയ്യിലിരുന്ന അമ്മാനമാടിയ അടൂർ മണ്ഡലം എൽഡി എഫിന്റെ കൈയ്യിലെത്തിയതോടെ മണ്ഡലത്തിലുണ്ടായ വികസന നേട്ടങ്ങൾ അടയാളമാക്കി അടൂരിലെ വോട്ടർമാർ ഇടത് മണ്ഡലമാക്കി അടൂരിനെ മാറ്റിയത്.20 വർഷം തുടർച്ചയായി യുഡിഎഫിന്റെ കൈയ്യിലായിരുന്ന മണ്ഡലത്തിൽ അന്ന് എംഎൽഎയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിട്ടും അടൂരിന്റെ വികസനത്തിൽ മെല്ലപ്പോക്കാണ് കാട്ടിയത്.
2012 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ചിറ്റയം ഗോപകുമാറിന് 627 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുത്തത്.പിന്നീട് വന്ന പഞ്ചായത്ത് - നഗരസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ രണ്ട് നഗരസഭകളും ഏഴിൽ ആറ‌്  പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എൽഡിഎഫിന് ലഭിച്ചു. മണ്ഡലത്തിലെ തുമ്പമൺ പഞ്ചായത്ത് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.ഇതോടെ എൽഡി എഫിന് മണ്ഡലത്തിൽ ശക്തമായ ആധിപത്യമായി.തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 25,000 മായി ഉയർന്നു. ഈ സ്ഥിതിവിശേഷത്തോടൊപ്പം തന്നെയാണ് മണ്ഡലം ഇപ്പോഴും നിലകൊള്ളുന്നത്.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷത്തിനിടെ 400 കോടി രൂപയുടെ വികസനമാണ് അടൂർ മണ്ഡലത്തിൽ നടപ്പിലാക്കാനായത്. അടൂർ മണ്ഡലം ഇടത് ചായ്വിലേക്ക് മാറിയതോടെ മണ്ഡലത്തിലുണ്ടായ വികസന നേട്ടങ്ങളും മണ്ഡലത്തെ എൽഡിഎഫ് അനുകൂല മണ്ഡലമാക്കി മാറ്റി. ഇടതുപക്ഷ സ്വാധീനം മണ്ഡലത്തിലെ എല്ലാ മേഖലകളിലും ഉറപ്പിക്കാൻ കഴിഞ്ഞതും എൽഡിഎഫിന് അനുകൂല ഘടകമായി.കഴിഞ്ഞ 10 വർഷം എംപി യുടെ സാന്നിധ്യം അടൂരിന് നഷ്ടപ്പെട്ടതിന്റെ പ്രതിഷേധം വോട്ടർമാർക്കിടയിൽ അലയടിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥിയുടെ സ്വീകരണ പര്യടനത്തിലും യോഗങ്ങളിലും ഇത് പ്രതിഫലിക്കുകയും ചെയ്യുന്നു. മണ്ഡലത്തിൽ ബിജെപിക്ക് കാര്യമായ സ്വാധീനമില്ല.ചില പ്രദേശങ്ങളിൽ മാത്രമാണ് ബിജെപിക്ക് സ്വാധീനമുള്ളതെങ്കിലും 15 ശതമാനത്തിലധികം വോട്ട് മണ്ഡലത്തിൽ നേടാൻ ബിജെപിക്ക് ആയിട്ടുമില്ല.ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവരും സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവരും കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ചികിൽസ സഹായം ലഭിച്ചവരും കർഷകരും തൊഴിലാളികളും  സാധാരണ ജനവിഭാഗങ്ങളുമടക്കം സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളടക്കം എൽഡിഎഫിനൊപ്പമായത് എൽഡി എഫിന്റെ മണ്ഡലത്തിലെ സ്വാധീനം വർധിപ്പിക്കുന്നു.
പ്രധാന വാർത്തകൾ
 Top