18 June Tuesday

ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ഇലവുംതിട്ട പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. വനം മന്ത്രി കെ രാജു, വീണാ ജോർജ് എംഎൽഎ തുടങ്ങിയവർ സമീപം.

 പത്തനംതിട്ട

ജനങ്ങൾക്ക് നീതിയും സുരക്ഷയും പക്ഷപാതമില്ലാതെ ഉറപ്പാക്കുന്നതും കൃത്യതയോടെ നടപ്പാക്കുന്നതുമാണ് സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയ്ക്ക് പുതുതായി അനുവദിച്ച ഇലവുംതിട്ട പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
സർക്കാരിന്റെ പ്രതിനിധിയായാണ് സാധാരണക്കാരായ ജനങ്ങൾ പൊലീസ് സേനയെ കാണുന്നത്.  ആവശ്യഘട്ടങ്ങളിലാണ് പൊതുജനങ്ങൾ പരാതിയുമായി  സ്റ്റേഷനുകളിൽ എത്തുന്നത്. ഇവർക്ക് ജനകീയ സേവനം  നൽകുന്നതിനായി പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കണം. സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തുന്നത്  സേനയുടെ പ്രവർത്തനത്തിലൂടെയാണ്. കൃത്യതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് യാതൊരു തടസവും കൂടാതെ മുന്നോട്ട് പോകുന്നതിന് ധൈര്യം പകരുന്നതാണ് സർക്കാർ നയം. ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ശബരിമല തീർഥാടകർക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് വഹിച്ച പങ്ക് നാടു മുഴുവൻ അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഇലവുംതിട്ടയിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം നിർമിക്കണമെന്നും ഇതിന് സർക്കാർ സഹായം ഉണ്ടാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ വനംമന്ത്രി കെ രാജു പറഞ്ഞു.
മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ വീണാജോർജ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ പൊലീസ് മേധാവി ടി നാരായണൻ, മുൻ എംഎൽഎ കെ സി രാജഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ അനിൽ, എം ബി സത്യൻ,  പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ  ഗോപാലകൃഷ്ണക്കുറുപ്പ്, കലാ അജിത്ത്, ജില്ലാ പഞ്ചായത്തംഗം വിനീതാ അനിൽ, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, മെഴുവേലി സിഡിഎസ് ചെയർപേഴ്സൺ ശ്രീലത വിശ്വംഭരൻ, ഇലവുംതിട്ട  സ്റ്റേഷൻ നോഡൽ ഓഫീസർ ആർ ജോസ്, സബ് ഇൻസ്പെക്ടർ ഡി രജീഷ്‌കുമാർ, ജില്ലാ  ഭരണവിഭാഗം അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ് ശിവപ്രസാദ്, ഡിവൈഎസ്പിമാരായ എസ്  റഫീക്ക്, ജെ സന്തോഷ്‌കുമാർ, കെ എ തോമസ്, എ സന്തോഷ്‌കുമാർ, എസ്  അനിൽദാസ്, ആർ സുധാകരൻപിള്ള, ഡിഎച്ച്ക്യു അസിസ്റ്റന്റ് കമാൻഡന്റ് കെ സുരേഷ്, പന്തളം സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ഡി ബിജു,  ഓഫീസേഴേസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി ജയചന്ദ്രൻ, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ബി അജി,  സഹകരണസംഘം ജില്ലാ പ്രസിഡന്റ് ഇ നിസാമുദ്ദീൻ, മെഴുവേലി എസ്എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി ചെയർമാൻ പി  കെ പീതാംബരൻ, കെവിവിഇഎസ് ഇലവുംതിട്ട യൂണിറ്റ് പ്രസിഡന്റ് മഹൽരാജൻ, പിഎച്ച്എസ്എസ് മെഴുവേലി പ്രിൻസിപ്പൽ കെ ബിജു തുടങ്ങിയവർ പങ്കെടുത്തു.
മെഴുവേലി ജങ‌്ഷനിൽ നിന്ന് 50 മീറ്റർ അകലെ മെഴുവേലി- കാരിത്തോട്ട റോഡിന്റെ ഇടതുവശത്തുള്ള താൽക്കാലിക കെട്ടിടത്തിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. 
 
 
പ്രധാന വാർത്തകൾ
 Top