26 March Tuesday

തണ്ണിത്തോട്ടിൽ മണ്ണ് മാഫിയയെ അർധരാത്രി അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 ചിറ്റാർ

അർദ്ധ രാത്രിയിൽ മണ്ണ് മാഫിയയെ അടൂർ ഡിവൈഎസ്പിയും സംഘവും പൊക്കി. തണ്ണിത്തോട്ടിലാണ് സംഭവം. കുറ്റകൃത്യങ്ങൾ തുടർകഥയായ തണ്ണിത്തോട്ടിൽ പൊലീസ് സ്റ്റേഷന് നുറു മീറ്റർ അടുത്താണ് സംഭവം നടന്നത്.
തണ്ണിത്തോട് പൊലിസ് അറിയാതെയാണ് ഡിവൈഎസ്പിയും സംഘവും മിന്നൽ നീക്കം നടത്തി മണ്ണ് കടത്തിയ പ്രതികളെയും വാഹനങ്ങളും  കസ്റ്റഡിയിൽ എടുത്തത്.
യാതൊരു രേഖകളും ഇല്ലാതെ തണ്ണിത്തോട് കേന്ദ്രീകരിച്ച് മണ്ണ് മാഫിയയുടെ തേർവാഴ‌്ച തുടരുകയായിരുന്നു. ഇതിനെതിരെ തണ്ണിത്തോട് സ്‌റ്റേഷനിലെ എസ്ഐക്ക് നിരവധി പരാതി ലഭിച്ചിട്ടും നടപടി കൈക്കൊള്ളുന്നില്ല എന്ന ആക്ഷേപം ശക്തമായി പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. അടൂർ ഡിവൈഎസ്പി കെ എ തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി 11.50 ന് ആണ് മണ്ണ് കയറ്റിയ ടിപ്പറും ജെസിബിയും കസ്റ്റഡിയിൽ എടുത്തത്.
തണ്ണിത്തോട് സ്വദേശികളായ രാജീവ്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച രാത്രി മണ്ണ് എടുപ്പ് നടക്കുന്ന സമയം പൊലീസ് വാഹനം ഈ പ്രദേശത്തിന് അടുത്തുകൂടി കടന്നു പോയതായും നാട്ടുകാർ പറയുന്നു.
മണ്ണ് മാഫിയ മാത്രമല്ല തണ്ണിത്തോട് കേന്ദ്രീകരിച്ച് മറ്റ് ലഹരി വസ്തുക്കളുടെ വിപണനവും നടത്തുന്നുണ്ട്.ചിറ്റാർ ഭാഗത്തു നിന്നും എത്തിക്കുന്ന വിദേശ മദ്യത്തിന്റെ അനധികൃതമായ ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇവിടെ സജ്ജീവമാണ്.  ഡിവൈഎസ്പി യോടൊപ്പം സിവിൽ പൊലീസ് ഓഫീസർമാരായ ശരത്ത് കുമാർ, സുനിൽ, ബിജു എന്നിവരും ഉണ്ടായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top