04 July Saturday

എംഎൽഎ ആവണിപ്പാറയിലെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

 കോന്നി 

ആവണിപ്പാറയുടെ ജനകീയ പ്രശ്നങ്ങൾ ജനപ്രതിനിധിക്കുമുന്നിൽ വച്ച് ഊരുകൂട്ടം. ആവണിപ്പാറ ഗിരിജൻ കോളനി സന്ദർശിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കാൻ എത്തിയ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎക്ക്‌ മുന്നിലാണ്  കോളനിവാസികൾ പരാതികളുടെ കെട്ടഴിച്ചത്. എംഎൽഎയ്ക്ക് പരമ്പരാഗത രീതിയിൽ സ്വീകരണം നല്കി. ആദ്യമായി നേരിൽ കാണാനും അടുത്ത് ഇടപഴകാനും സ്നേഹ വിശേഷങ്ങൾ പങ്കിടാനും കോളനിവാസികൾക്ക് കിട്ടിയ അവസരം അവർ ആഘോഷമാക്കുകയായിരുന്നു. കോളനിയുടെ പ്രധാന ആവശ്യം വൈദ്യുതിയായിരുന്നു. വൈദ്യുതി എത്തിക്കാൻ തീരുമാനമാക്കിയ എംഎൽഎ നേരിട്ട് എത്തിയപ്പോൾ ഊരുമൂപ്പൻ അച്ചുതനും, കോളനിവാസികളും പരമ്പരാഗത സ്വീകരണത്തിലൂടെ സന്തോഷം പങ്കിടുകയായിരുന്നു.
പാലവും, കുടിവെള്ളവുമാണ് പ്രധാന ആവശ്യങ്ങളായി ഉന്നയിച്ചത്‌. മഴ പെയ്താൽ ഒറ്റപ്പെട്ടു പോകുന്ന ജീവിതങ്ങളാണ് കോളനിയിലുള്ളത്. കുടിവെള്ളത്തിന്‌ വലിയ ദൗർലഭ്യം അനുഭവപ്പെടുന്നു. ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ഇടപെടൽ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
വീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള ഇടപെടലും ഉണ്ടാകേണ്ടതുണ്ട്. കുടിലുകൾ മാറ്റി വീടുകൾ നിർമിക്കണം. വീടുകളിലെത്തി കിടപ്പു രോഗികളെയും എംഎൽഎ സന്ദർശിച്ചു. രോഗികളായിട്ടുള്ളവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ഡിഎംഒ യോട് നിർദേശിക്കുമെന്നും എംഎൽഎ പറഞ്ഞു.കോളനിവാസികൾ എംഎൽഎയ്ക്ക് കപ്പയും കാന്താരി ചമ്മന്തിയും വിളമ്പി. കോന്നി വിജയകുമാർ, പി സിന്ധു, വർഗ്ഗീസ് ബേബി,  എബിൻ ബേബി, അജയകുമാർ, ശരത് ചന്ദ്രൻ, ബിജു എന്നിവരും എംഎൽഎക്ക്‌ ഒപ്പമുണ്ടായി. ഊര് മൂപ്പൻ അച്യുതന്റെ അധ്യക്ഷതയിൽ കൂടിയ ഊര് കൂട്ടത്തിന്‌ വാർഡ് മെമ്പർ സിന്ധു സ്വാഗതവും എസ് ടി പ്രൊമോട്ടർ ലിജോ വർഗീസ് നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top