19 February Tuesday

നവോത്ഥാന തേരു തെളിച്ച തപസി ഓമലിന്റെ മണ്ണിൽ

സ്വന്തം ലേഖകൻUpdated: Monday Dec 17, 2018

 

കോഴഞ്ചേരി
പമ്പാനദീതട സംസ്കൃതിയുടെ തിരുമുറ്റത്ത് മഹാമനീഷികൾ നവോത്ഥാനത്തിന്റെ തേരു തെളിച്ച മണ്ണിൽ യുവതയുടെ മഹാ സംഗമത്തിന് ഇനി അഞ്ചുനാൾ. വനിതാ മതിലിന് ഐക്യദാർഢ്യവുമായി യുവജന കമ്മീഷനാണ് കോഴഞ്ചേരിയിൽ മഹാസംഗമം സംഘടിപ്പിക്കുന്നത്.  
അടിമ നുകം പിഴുതെറിഞ്ഞ് ജാത്യാചാരങ്ങളുടെ തീണ്ടാപ്പാടു തകർത്ത് മാനവീകതയുടെ കൊടിയുയർത്തിയ മഹാത്മാക്കളുടെ മണ്ണിലാണ് മഹാസംഗമം എന്നത് മറ്റൊരു ചരിത്രമാകും.
2018 സെപ‌്തംബർ 29 ന് പമ്പാതീരത്ത് ബ്രാഹ്മണേതരമായ മൺ ശിൽപങ്ങൾ കണ്ടെത്തിയതോടെ ആറൻമുളയിലെ മാനവീകതക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമാണ് കൽപ്പിക്കപ്പെടുന്നത്.ഇവിടെ നൂറ്റാണ്ടുകളായി തുടരുന്ന നവോത്ഥാന മുന്നേറ്റങ്ങൾക്ക് കണക്കില്ല. അധഃസ്ഥിതന്റെ ശിവപ്രതിഷ്ഠ, സഞ്ചാരസ്വാതന്ത്ര പ്രക്ഷോഭം, അർധ രാത്രിയിൽ അവർണർക്കായി അക്ഷരപ്പുര, പ്രകടനമായി എത്തി ക്ഷേത്രത്തിൽ കയറിയത്, മൂക്കുത്തി സമരം, സാഹിത്യത്തിലൂടെ നടത്തിയ സവർണ വിരുദ്ധ പ്രക്ഷോഭം, സ്കൂൾ തീവെച്ചതിനെതിരെ അടരാടിയത്, അടിമസ്കൂൾ സ്ഥാപനം, ആരാധനാ സ്വാതന്ത്രത്തിന‌് വേണ്ടിയുള്ള രക്തസാക്ഷിത്വം, മതനവീകരണ പ്രസ്ഥാനങ്ങൾ, പുതിയ ജനകീയ മതസ്ഥാപനം, ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം തുടങ്ങി രണധീര ഓർമകളുടെ ഭൂമികയാണ് യുവജന കമീഷൻ മഹാസംഗമത്തിനായി തെരഞ്ഞെടുത്തതെന്നത് മറ്റൊരു ചരിത്ര നിയോഗം.
നവോത്ഥാന ചരിത്രപരിശോധകർ ഇവിടെ ആദ്യം സ്മരിക്കേണ്ടത് തപസി ഓമലിനെയാണ്.ശ്രീ നാരായണ ഗുരുദേവന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠക്ക‌് 18 വർഷം മുൻപ് 1870ൽ മൈലാടുംപാറയിൽ ശിവപ്രതിഷ്ഠ നടത്തിയാണ് തപസിയായ ഓമൽ സ്മൃതി രൂപമായത്. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂർ കരിപ്പള്ളിൽ തറവാട് കുട്ടനാട്ടിൽനിന്ന‌് അടിയാളനായി വാങ്ങിയെത്തിയ പുലയ യുവാവാണ് ആധ്യാത്മീകത യുടെ അകം പൊരുൾ തിരിച്ചറിഞ്ഞ തപസി ഓമലായി മാറിയത്. കരിപ്പള്ളിയിലെ കാരണവരുടെ സന്ധ്യക്കുള്ള   പുരാണ പാരായണത്തിൽ ആകൃഷ്ടനായാണ‌്  തുടക്കം. കേട്ടവയാകെ  ഹൃദിസ്ഥമാക്കിയും മനനം ചെയ്തും തപം ചെയ്തും ഒടുവിൽ തപസിയായി.
അക്കാലം ആറൻമുള ക്ഷേത്രത്തിൽ അവർണർ ആരാധിച്ചിരുന്നത് പമ്പയുടെ മറുകരയിലുള്ള മണൽതിട്ടയിൽ നിന്നാണ്. അവിടെ ഒരു ഭണ്ഡാരം അവർണർക്കായുണ്ടായിരുന്നു. . ഒരുനാൾ ഭണ്ഡാരത്തിൽ പണമിട്ട് ധ്യാനനിരതനായി നിന്ന ഓമലിന്റെ ദേഹത്ത് ഭണ്ഡാരത്തിലെ പണമെടുക്കാൻ വന്ന ക്ഷേത്ര ജോലിക്കാർ ചാണകം കൊണ്ടു മൂടി.പിന്നെ ഒരിക്കലും ഓമൽ ആറൻമുളയിലേക്ക‌് വന്നില്ല. പകരം പ്രമാടത്ത് കടവിനടുത്തുള്ള കയത്തിൽനിന്ന‌് ഒരു ശിലാഖണ്ഡം മുങ്ങിയെടുത്ത് ചെത്തിമിനുക്കി മൈലാടുംപാറക്കുന്നിൻ മുകളിൽ ശിവലിംഗമായി പ്രതിഷ്ഠിഠിക്കുകയായിരുന്നു. 
വിവരം അറിഞ്ഞ ആറൻമുള ദേവസ്വ ക്കാർ തനിക്കെന്തു യോഗ്യത പ്രതിഷ്ഠനടത്താൻ എന്നായി ചോദ്യം. ഞാൻ എന്റെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നും തപസാണ് യോഗ്യത എന്നുമായിരുന്നു മറുപടി. നാൽപ്പതാം വയസിൽ ഓമൽ സ്ഥാപിച്ച ശിവക്ഷേത്രവും ദേവീപ്രതിഷ്ഠയും ഇന്നും മൈലാടുംപാറയുടെ നെറുകയിൽ വർണാശ്രമക്കാരുടെ നെറികേടിനെതിരെ മണ്ണിന്റെ മക്കൾക്ക് ആത‌്മശക്തി നൽകി തല ഉയർത്തി നില്ക്കുന്നു. ഇതിനൊപ്പമാണ് ക്ഷേത്രവഴിയിലൂടെ കാൽ നടയാത്രക്ക‌് വേണ്ടി നീലകണ്ഠൻ ചാന്നാർ നയിച്ച പ്രക്ഷോഭം ചേർത്തു വായിക്കേണ്ടത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top