05 December Thursday

സിഐടിയു ജില്ലാ സമ്മേളനം പത്തനംതിട്ടയിൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

സിഐടിയു ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

അനശ്വരനായ സഖാവ്‌ സി ജി ദിനേശിന്റെ ധീരസ്‌മരണയിൽ സിഐടിയു ജില്ലാ സമ്മേളനം പത്തനംതിട്ടയിൽ തുടങ്ങി. അബാൻ ഓഡിറ്റോറിയത്തിലാണ്‌ രണ്ട്‌ നാൾ നീണ്ടുനിൽക്കുന്ന സമ്മേളനം. ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ സമ്മേളന നഗറിൽ പതാക ഉയർത്തി. 
  പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കെ സി രാജഗോപാലൻ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ എൻ സജികുമാർ സ്വാഗതം പറഞ്ഞു. മലയാലപ്പുഴ മോഹനൻ രക്തസാക്ഷി പ്രമേയവും അഡ്വ. ആർ സനൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഇതിന്മേൽ പ്രതിനിധികളുടെ ചർച്ച നടന്നു. ഞായറാഴ്‌ച ചർച്ച തുടരും. മറുപടിയും വരവ്‌ ചെലവ്‌ കണക്ക്‌ അവതരിപ്പിക്കലും നടക്കും. പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം എന്നിവയെ തുടർന്ന്‌ തെരഞ്ഞെടുപ്പും നടക്കും.
  സിഐടിയു സംസ്ഥാന നേതാക്കളായ കെ ജെ തോമസ്, എൻ പത്മലോചനൻ, കെ പി മേരി, നെടുവത്തൂർ സുന്ദരേശൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ ഉണ്ണികൃഷ്‌ണപിള്ള, അഡ്വ. കെ അനന്തഗോപൻ എന്നിവർ ഉദ്‌ഘാടന വേദിയിൽ സന്നിഹിതരായി. 
    പ്രമേയം കമ്മിറ്റി കൺവീനർ എസ്‌ ഹരിദാസ്‌ ജനുവരി എട്ടിന്റെ ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ പ്രമേയം അവതരിപ്പിച്ചു. വേണുഗോപാൽ, പി ഉദയഭാനു, അഡ്വ. കെ പ്രകാശ്ബാബു, ആർ കമലാസനൻ എന്നിവരാണ്‌ പ്രമേയ കമ്മിറ്റിയിലെ മറ്റ്‌ അംഗങ്ങൾ. ക്രഡൻഷ്യൽ കമ്മിറ്റി: വി തങ്കപ്പൻപിള്ള (കൺവീനർ), എം എസ്‌ ഗോപിനാഥൻ, എം ബി പ്രഭാവതി, കെ കെ സുരേന്ദ്രൻ, കെ മോഹൻകുമാർ, ജി അജയകുമാർ. മിനിട്‌സ്‌: കെ കെ ശ്രീധരൻ (കൺവീനർ), ടി വി സ്‌റ്റാലിൻ, ബിനിൽ കുമാർ, ഗിരീഷ‌്‌കുമാർ.
 
 
പ്രധാന വാർത്തകൾ
 Top