29 January Wednesday

വികസനം തന്നെ രാഷ്ട്രീയ ചർച്ച

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

എൽഡിഎഫ്‌ സ്ഥാനാർഥി കെ യു ജനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം കൈപ്പട്ടൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്നു

കോന്നി
വർഗീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല, ഒരു നാടിന്റെ അടിസ്ഥാന വികസനമാണ‌് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കടമയെന്ന‌  മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ‌് കോന്നിയിലെ രാഷ്ടീയ ചർച്ചകൾതന്നെ മാറ്റുന്നു.  ഭരണമികവും അഴിമതിവിരുദ്ധ നിലപാടും മുൻനിർത്തിയുള്ള എൽഡിഎഫ‌് പ്രചാരണം ജനങ്ങൾ ഏറ്റെടുക്കുന്നതിന്റെ തെളിവുകളായി മുഖ്യമന്ത്രിയുടെ ഓരോ   പൊതുയോഗങ്ങളും മാറി. രണ്ടു ദിവസങ്ങളിലായി ആറു കേന്ദ്രങ്ങളിലാണ‌് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങൾ  നടന്നത‌്. 
രാഷ്ട്രീയ പ്രവർത്തനം  വോട്ട‌് നേടാനുള്ള ഉഡായിപ്പ‌് പരിപാടിയല്ല, ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കി നാടിനെ വികസന പാതയിൽ നയിക്കുകയും പാവപ്പെട്ടവന്റെ  കണ്ണീരൊപ്പുകയുമാണെന്ന‌്  മൂന്നര വർഷത്തെ ഭരണം കൊണ്ട‌് എൽഡിഎഫ‌് സർക്കാരിന‌് തെളിയിക്കനായി.   
ശബരിമല വിഷയം എൽഡിഎഫിനെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കാനാണ‌് യുഡിഎഫും  ബിജെപിയും ആദ്യം മുതൽ ശ്രമിക്കുന്നത‌്. എന്നാൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന സർക്കാരാണ‌് എൽഡിഎഫ‌് എന്ന‌് ശബരിലയുടെ വികസനകാര്യത്തിൽ ചെലവിട്ട തുകയുടെ കണക്ക‌് സഹിതം  വ്യക്തമാക്കി മുഖ്യമന്ത്രി യുഡിഎഫിന്റെയും ബിജെപിയുടെയും കാപട്യം തുറന്നു കാട്ടുന്നു.
നാടിന്റെ അടിസ്ഥാന വികസനത്തിന‌് സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഓരോന്നായി അക്കമിട്ട‌് നിരത്തിയാണ‌് മുഖ്യമന്ത്രി നേട്ടങ്ങൾ വിശദമാക്കിയത‌്. പ്രകടനപത്രികയിൽ എൽഡിഎഫ‌് നൽകിയ 600 വാഗ‌്ദാനങ്ങളിൽ 50 എണ്ണമൊഴികെ ബാക്കിയെല്ലാം മൂന്നര വർഷത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞത‌് ചൂണ്ടിക്കാട്ടിയാണ‌് എൽഡിഎഫും യുഡിഎഫും തമ്മിലുളള വ്യത്യാസം തുറന്നു കാട്ടിയത‌്. 
നാഷണൽ ഹൈവേ, ഗെയ‌്ൽ എന്നിവയുടെ സ്ഥലമെടുപ്പ‌് ഏറ്റെടുക്കാതെ യുഡിഎഫ‌് കൈയൊഴിഞ്ഞ  പദ്ധതികൾ ഇന്ന‌് പൂർണതയിലേക്ക‌് നീങ്ങുന്നുവെന്നത‌് എൽഡിഎഫ‌് സർക്കാരിന്റെ ഇച്ഛാശക്തി തെളിയിക്കുന്നു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം തുറന്നു കാട്ടുന്നവയാണ‌് ഈ പദ്ധതികൾ. കേരളത്തെ  അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന‌്  കേന്ദ്ര സർക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 
രാജ്യത്തെ അടിമുടി തകർത്ത കോൺഗ്രസ‌് നയങ്ങൾ തന്നെ നടപ്പാക്കുന്നതിൽ ബിജെപി മത്സരിക്കുകയാണ‌്. കോൺഗ്രസ‌് ആസിയൻ കരാറിലൂടെ റബർ കർഷകരുടെ നട്ടെല്ല‌് തകർത്തെങ്കിൽ ആർസിഇപി കരാറിലൂടെ റബറിധിഷ‌്ഠിത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ‌്ത‌് കർഷകന്റെ ശവപ്പെട്ടിയലെ അവസാന ആണി അടിക്കുകയാണ‌് ബിജെപി ചെയ്യുന്നത‌്.  
യുഡിഎഫ‌് ഭരണത്തിൽ കാർഷിക മേഖലയിൽ നെഗറ്റീവ‌് വളർച്ചയായിരുന്നെങ്കിൽ ഇന്നത‌്  മാറി. 2,38,000 ഹെക്ടർ സ്ഥലത്താണ‌് ഇന്ന‌് നെൽകൃഷി ചെയ്യുന്നത‌്. ഇടമൺ കൊച്ചി പവർ ഹൈവേ, മലയോര, തീരദേശ ഹൈവേകൾ, ദേശീയ ജലപാത, ശബരിമല വിമാനത്താവളം, സെമി ഹൈസ‌്പീഡ‌് റെയിൽ, കൊച്ചി ‐ കോയമ്പത്തൂർ വ്യവസായ ഇടനാഴി, സർക്കാർ ആശുപത്രികളുടെ വികസനം, 48000 ക്ലാസ‌് മുറികൾ ഹൈടെക‌് ആക്കിയത‌്, പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയത‌്, ലൈഫ‌് മിഷൻ പദ്ധതിയിൽ 1,30,080 വീടുകൾ  നിർമിച്ചു നൽകിയത‌് തുടങ്ങി  നടപ്പാക്കിയ പദ്ധതികൾ  ജനം വിലയിരുത്തുന്നു.  എൽഡിഎഫ‌് സർക്കാരല്ലായിരുന്നെങ്കിൽ ഇവ നടപ്പാക്കാൻ കഴിയുമായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട‌്. 
മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണ പരിപാടികൾ സമാപിക്കുമ്പോൾ വികസനത്തിൽ ഊന്നിയ രാഷ്ട്രീയമാണ‌് കോന്നിയും ലഷ്യമിടേണ്ടതെന്ന യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയുന്നു. അഡ്വ. ജെനീഷ‌്കുമാറിന്റെ വിജയത്തിലൂടെ ആ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ‌് കോന്നിയിലെ വോട്ടർമാർ.
 
 
പ്രധാന വാർത്തകൾ
 Top