22 October Tuesday

തൊണ്ടിമുറി ഹൈടെക്‌ ; കോടതിയിൽ പണി പാളില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ഹൈടെക്‌ തൊണ്ടിമുറി ഉദ്‌ഘാടനം ചെയ്‌ത സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്യൂആർ കോഡ്‌ സ്‌കാൻ ചെയ്യുന്നു

 പത്തനംതിട്ട 

കേസുകളിൽ തൊണ്ടിയായി  പിടിച്ചെടുക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്ന മുറി പൊടിപിടിച്ച് കിടക്കുന്ന അവസ്ഥ ഇനിയില്ല. പൊലീസിന്‌ എന്നും  തലവേദനയായ അടുക്കും ചിട്ടയുമില്ലാത്ത തൊണ്ടിമുതൽ സൂക്ഷിപ്പിൽനിന്ന്‌ മോചനം.  ക്യൂആർ കോഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന തൊണ്ടിമുറികൾ സ്മാർട്ടാണെന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു.  
തൊണ്ടിമുതൽ ശാസ്ത്രീയമായി സൂക്ഷിക്കാതെ, കോടതികളിൽ അവ ശരിയായി എത്തിക്കാൻ കഴിയാതെ പ്രോസിക്യൂഷൻ ദുർബലപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ്‌  ജില്ലാ പൊലീസ്‌ ഈ ഹൈടെക് ചിന്തയിലേക്ക് എത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ കൊടുമൺ പൊലീസ് സ്റ്റേഷനിൽ നടപ്പാക്കി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ആഗസ്ത് 31 ന്  സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് തൊണ്ടിമുറിയുടെ ആശയത്തിൽ ജില്ലാ പൊലീസിനെ പ്രശംസിക്കുക മാത്രമല്ല, ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ സൈബർ സെല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തൊണ്ടിമുതലുകൾ കൃത്യമായി രേഖപ്പെടുത്തുകയും അവ വൃത്തിയാക്കുകയും ചെയ്യുകയായിരുന്നു ആദ്യപടി. തുടർന്ന്‌ അവയുടെ വിവരങ്ങൾ ശേഖരിച്ച് കംപ്യൂട്ടറിൽ രേഖപ്പെടുത്തുകയും കേരള പൊലീസിന്റെ ഓൺലൈൻ സംവിധാനമായ ക്രൈം ഡ്രൈവുമായി ബന്ധിപ്പിക്കുകയും ചെയ്‌തു.
കേസിന്റെ അനുബന്ധവിവരങ്ങൾ ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിച്ചു. ഇത്തരത്തിൽ  ശാസ്ത്രീയമായും ചിട്ടയായും ക്രമീകരിക്കുകയായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. മൊബൈൽഫോണിലെ ക്യൂ ആർ കോഡ് സ്‌കാനർ ഉപയോഗിച്ച് തൊണ്ടിമുതലിലെ കോഡ് സ്‌കാൻ ചെയ്താൽ അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. 
കേസിന്റെ നമ്പർ, കുറ്റച്ചുരുക്കം, കോടതിയുടെപേര്, കേസിന്റെ നിലവിലെ അവസ്ഥ തുടങ്ങിയ വിശദാംശങ്ങൾ ക്രൈം ഡ്രൈവ് ലിങ്ക് മുഖേന ലഭ്യമാകും. കൃത്യമായി തൊണ്ടി മുതലുകൾ കോടതികളിൽ വിചാരണ വേളയിൽ എത്തിക്കാനും തീർപ്പാക്കാനും കഴിയും. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഒക്ടോബർ 15നകം ഇത്‌ നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. 
സൗജന്യ  സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതിനാൽ  ക്യൂ ആർ  കോഡ് സമ്പ്രദായം  നടപ്പാക്കാൻ  അധികചെലവില്ല. പൊലീസ് സൈബർ സെല്ലിലെ എഎസ്‌ഐ അരവിന്ദാക്ഷൻ നായർ,  ശ്രീകുമാർ,  അനൂപ് മുരളി,  കോന്നി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിനു എന്നിവരടങ്ങിയ ടീമിന്റെ പ്രവർത്തനഫലമായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ  ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ പുതിയ സംവിധാനം വിജയകരമായി നടപ്പാക്കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top