07 October Monday

അധ്യാപികയെ ആക്രമിച്ചയാൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024
കോന്നി 
മലയാലപ്പുഴയിൽ പ്രധാനധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച പ്രതി വിഷ്ണു നായരെ കോടതി റിമാൻഡ് ചെയ്തു. മലയാലപ്പുഴ കോഴികുന്നം കെഎച്ച്എം എൽപിഎസിലെ പ്രധാനാധ്യാപിക ​ഗീതാ രാജനുനേരെയാണ്‌ ആക്രമണമുണ്ടായത്‌. സംഭവത്തിൽ പ്രദേശവാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് 3.45-നാണ് സംഭവം. സ്കൂളിൽ പിടിഎ യോ​ഗം കഴിഞ്ഞയുടൻ പ്രതി വിഷ്ണു ബഹളംവെച്ച്‌ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. കഴിഞ്ഞ ജൂണിലും സമാനസംഭവമുണ്ടായിരുന്നു. 
അന്ന് പൊലീസിലും വനിതാസെല്ലിലുമെല്ലാം പരാതി നൽകിയിരുന്നു. യുവാവിന് എന്തോ പ്രശ്നമുള്ളതിനാൽ നടപടി സ്വീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. ബുധനാഴ്ച ഇയാൾ വീണ്ടും എത്തിയപ്പോൾ പൊലീസിനെ വിളിച്ചു. അധ്യാപിക അടിയേറ്റ് വീണതോടെ കുട്ടികൾ ബഹളംവെച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയായിരുന്നു. മുമ്പ് പ്രതി ഇതേ സ്കൂളിൽ പഠിച്ചതാണ്. വർഷങ്ങൾക്ക് ശേഷം ജൂണിൽ ഇവിടെവന്ന് ബഹളംവച്ചപ്പോഴാണ് പിന്നീട് കാണുന്നത്. അസഭ്യം പറച്ചിലും വധഭീഷണിയുമുണ്ടായി. കണ്ണിന് പരിക്കേറ്റ ​ഗീതാ രാജ് പത്തനംതിട്ടയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top