24 October Thursday

ഡിവൈഎഫ്ഐയുടെ ഇടപെടൽ; 141 പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 അടൂർ

ജീർണിച്ച് നിലംപൊത്താറായ വീടുകളിൽ കഴിഞ്ഞ 141 പേരെ ഡിവൈഎഫ്ഐഐ ഇടപെട്ട്‌  സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു.
അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിലെ ചേന്നമ്പത്തൂർ കോളനിയിലെ ജീർണാവസ്ഥയിലുള്ള വീടുകളിൽ കഴിഞ്ഞിരുന്ന 41 കുടുംബങ്ങളിലെ 141 പേരെയാണ് ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ട് സുരക്ഷിത സ്ഥാനമായ തോട്ടുവ ഗവ. എൽപിഎസിലേക്ക് മാറ്റിയത്. ഹൗസിങ്‌ ബോർഡ് 30 വർഷം മുൻപ് നിർമിച്ചു നൽകിയ വീടുകളാണ് ഇവിടെയുള്ളത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ് വീടുകൾ. കാലവർഷം കനത്താൽ വെട്ടുകല്ലിൽ നിർമിച്ചിട്ടുള്ള വീടുകൾ ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്ന് അടൂർ തഹസീൽദാർ ബീന ഹനീഫ്  കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.  ഇവരെ മാറ്റി പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ഡിവൈഎഫ്ഐ നേതാക്കളെത്തി അപകടാവസ്ഥ വീടുകളിൽ കഴിയുന്നവരെ ബോധ്യപ്പെടുത്തി മാറ്റുകയായിരുന്നു. ക്യാമ്പിൽ കഴിയുന്ന ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഡിവൈഎഫ്ഐ നേതൃത്വത്തിൽ ചെയ്തു വരുന്നു 
വീടുകൾ അപകടാവസ്ഥയിലാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് തഹസീൽദാർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർ കഴിഞ്ഞദിവസം  സ്ഥലപരിശോധന നടത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാക്കളായ ബി നിസ്സാം, ശ്രീനി എസ് മണ്ണടി, വിനേഷ്, സജിൻ, രഞ്ജിനി മഹേഷ്, അനന്ദു എന്നിവരുടെ നേതൃത്വത്തിലാണ്  ക്വാസിലേക്ക് മാറ്റിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ, നേതാക്കളായ സി ആർ ദിൻരാജ്, എൻ രാമചന്ദ്രൻ നായർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. തഹസീൽദാർ ബീനാ എസ് ഹനീഫ, പളളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ പി സന്തോഷ് എന്നിവരും ക്യാമ്പിലും കോളനിയിലുമെത്തി.
 
 
പ്രധാന വാർത്തകൾ
 Top