23 January Thursday

മധ്യവയസ്‌കൻ വീടിനുള്ളിൽ മരിച്ചു കിടന്ന സംഭവം: യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 തിരുവല്ല

മധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. വള്ളംകുളം കോഴിമല കരുവിക്കാട്ടിൽ കെ എസ് സോനു (29) ആണ് അറസ്റ്റിലായത്. ഹൈദരാബാദ് ബീബി നഗറിൽനിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ തിരുവല്ല പൊലീസ് പിടികൂടിയത്. 
 കവിയൂർ ഞാൽഭാഗം പാർവതി വിലാസത്തിൽ റിട്ട. അധ്യാപികയും പ്രശസ്ത നടി പാർവതി ജയറാമിന്റെ മാതൃസഹോദരിയുമായ ലീലാ ഭായിയുടെ മകൻ രമേശ് ചന്ദ്രൻ (55) ആണ് മെയ് 31ന് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. വിവാഹബന്ധം വേർപെടുത്തിയ ശേഷം വർഷങ്ങളായിഒറ്റയ്ക്ക് താമസിക്കുകയായിരുന്നു രമേശ് ചന്ദ്രൻ.  അഴുകിയ നിലയിലായിരുന്ന മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ബന്ധുക്കളെയും സമീപവാസികളെയും ചോദ്യം ചെയ്തതോടെയാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന ലഭിച്ചത്.
  കൊല്ലപ്പെട്ട രമേശിന്റെ വീടിനടുത്ത്  ഒരുവർഷമായി പ്രതി സോനു യുവതിയുമൊത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ആറ് മാസം മുമ്പ് സോനു രമേശുമായി വാക്കുതർക്കം ഉണ്ടാവുകയും രമേശിന്റെ വീടിന്റെ ജനൽചില്ല് അടിച്ചുപൊട്ടിക്കുകയും ചെയ്‌തു. സൗഹൃദത്തിലായിരുന്ന ഇരുവരും ഇതോടെ പിണക്കത്തിലാവുകയും തുടർന്ന് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് രമേശുമായി അടുക്കുകയും ചെയ്തു. സംഭവം നടന്ന ദിവസം ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും മുമ്പുണ്ടായ വഴക്ക് സംബന്ധിച്ച് തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന്  രമേശിനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തതായി പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
  ഒളിവിലായിരുന്ന പ്രതി വിവിധ സ്ഥലങ്ങളിൽനിന്ന് മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നത് അന്വേഷണ സംഘത്തെ കുഴക്കി. മറ്റ് സംസ്ഥാനങ്ങളിലെ മലയാളി തൊഴിലാളികളെ കേന്ദ്രീകരിച്ച് ഒന്നരമാസമായി നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ബിബി നഗറിലെ നിർമാണ കമ്പനിയിൽ പ്രതി ജോലി നോക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. 
  കൊലപാതകത്തിനുശേഷം ജൂൺ നാലിന് തൃക്കുന്നപ്പുഴ സ്വദേശിനിയായ വികലാംഗയെ പ്രലോഭിപ്പിച്ച് മാവേലിക്കരയിലെ സിനിമാ തിയേറ്ററിൽ കൊണ്ടുപോയി യുവതി ധരിച്ചിരുന്ന അഞ്ച് പവന്റെ സ്വർണാഭരണങ്ങളും 10,000 രൂപയും ഇയാൾ കവർന്നു. ഇതുസംബന്ധിച്ച് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ജൂൺ 7ന് മാന്നാർ വള്ളക്കാലിയിൽ സുരേഷ് എന്ന യുവാവിനെ സോനുവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നു. 2008ൽ ആലുവയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെ സഹപ്രവർത്തകന്റെ അമ്മൂമ്മയുടെ മാല പിടിച്ചുപറിച്ച കേസിൽ സോനു ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം ചാല മാർക്കറ്റിൽ ജോല ചെയ്തിരുന്ന പച്ചക്കറി കടയിൽനിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ച കേസിലും പ്രതിയാണ്. 2012ൽ നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണവും പണവും കവരുകയും ചെയ്ത കേസിലും പ്രതിയാണ് ഇയാൾ.
  ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നിർദ്ദേശപ്രകാരം സിഐ പി ആർ സന്തോഷ്, എസ്ഐമാരായ കെ എസ് ഗോപകുമാർ, സിപിഒമാരായ പി ജി സന്തോഷ്‌‌കുമാർ, ടി എസ് അനീഷ്, നിഷാന്ത് ചന്ദ്രൻ, ജയകുമാർ, ജൂബിത തമ്പി, സജിത്രാജ്, ഷാഡോ പൊലീസ് അംഗങ്ങളായ അജികുമാർ, വിൽസൺ, സുജിത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
 
 

 

പ്രധാന വാർത്തകൾ
 Top