24 July Saturday

തറയില്‍ ഫിനാന്‍സ് 
ഉടമ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സജി സാം പൊലീസിൽ കീഴടങ്ങിയതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം പത്തനംതിട്ട സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുവരുന്നു

പത്തനംതിട്ട
ഓമല്ലൂര്‍ തറയില്‍ ബാങ്കേഴ്സ് ഉടമ സജി സാം പൊലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. 
ചോദ്യം ചെയ്യലിനായി സജി സാമിനെ പത്തനംതിട്ട പൊലീസിന്‌ കൈമാറി. ഇൻസ്‌പെക്ടർ ബിനീഷ്‌ലാലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും കണ്ടെത്തുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. അന്വേഷണസംഘത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് ഐ സണ്ണി, എഎസ്‌ഐ സവിരാജന്‍ എന്നിവരാണുള്ളത്.
1992ലാണ് തറയില്‍ ബാങ്കേഴ്സ് ആരംഭിച്ചത്. സജി സാമിന്റെ പിതാവാണ്‌ സ്ഥാപനം തുടങ്ങിയത്. സ്വര്‍ണപ്പണയ വായ്പകളിന്മേല്‍ പണം കൊടുക്കാനുള്ള ലൈസന്‍സ് മാത്രമാണ് അന്നുണ്ടായിരുന്നത്. ഇതിന്റെ മറവില്‍ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ചുതുടങ്ങി. സജി സാമിന്റെ മാതാപിതാക്കളായിരുന്നു പാര്‍ട്ണര്‍മാര്‍. ഇവരുടെ മരണശേഷം, സജി ഭാര്യയെ കൂടി പാര്‍ട്ണറാക്കി. തുടര്‍ന്ന്‌ പലയിടത്തായി മൂന്ന്‌ സ്ഥാപനങ്ങള്‍ കൂടി ആരംഭിച്ചു. കൂടാതെ പെട്രോള്‍ പമ്പും തുടങ്ങി.
ചെറുതും വലുതുമായ തുകകള്‍ ഡെപ്പോസിറ്റുകളായി സ്വീകരിക്കുകയും, വന്‍തോതില്‍ പണ സമ്പാദിക്കുകയും ചെയ്ത സജി ഒടുവില്‍ നിക്ഷേപകരെ പറ്റിച്ച് മുങ്ങുകയായിരുന്നു. തുടര്‍ന്ന് നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. 
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ മാത്രം 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ തട്ടിപ്പിനെപ്പറ്റിയും തുകയെപ്പറ്റിയും വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നും അടൂര്‍ പൊലീസ് സ്റ്റേഷനില്‍ 24 കേസുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top